കൊല്ലാനല്ലെങ്കില്‍ തോക്കു ചൂണ്ടിയത് എന്തിന്? ഷാരൂഖ് പഠാന്റെ വാദം തള്ളി കോടതി

തന്റെ തലയ്ക്കു നേരെ തോക്കു ചൂണ്ടി വെടിവയ്ക്കുകയായിരുന്നെന്നാണ് ദഹിയ കോടതിയില്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ വധിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന പഠാന്റെ വാദം നിലനില്‍ക്കില്ലെന്ന് കോടതി
ഷാരൂഖ് പഠാന്‍ പൊലീസിനു നേരെ തോക്കു ചൂണ്ടുന്ന വൈറല്‍ ചിത്രം/ട്വിറ്റര്‍
ഷാരൂഖ് പഠാന്‍ പൊലീസിനു നേരെ തോക്കു ചൂണ്ടുന്ന വൈറല്‍ ചിത്രം/ട്വിറ്റര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനു നേരെ തോക്കു ചൂണ്ടിയ ഷാരൂഖ് പഠാനെതിരെ കോടതി കുറ്റം ചുമത്തി. പഠാന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. പഠാന്‍ പൊലീസിനു നേരെ തോക്കു ചൂണ്ടുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.

പഠാന്‍ ഒരു സംഘം ലഹളക്കാരെ നയിച്ച് പൊലീസ് ഉദ്യോഗസ്ഥനായ ദീപക് ദഹിയയുടെ ജീവനു ഭീഷണിയായ പ്രവൃത്തി ചെയ്തതായി വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതു സേവകന്റെ ജോലി തടസ്സപ്പെടുത്താന്‍ ക്രിമിനല്‍ സംഘത്തെ ഉപയോഗിക്കുകയാണ് പഠാന്‍ ചെയ്തതെന്ന് കോടതി പറഞ്ഞു. 

ഐപിസി 147, 148, 186, 188 വകുപ്പുകള്‍ പ്രകാരമാണ് പഠാന് എതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഐപിസിയിലെയും ആയുധ നിയമത്തിലെയും വിവിധ വകുപ്പുകള്‍ അനുസരിച്ച് വേറെയും കുറ്റങ്ങളുണ്ട്. 

പൊലീസുകാരനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ കൊലപാതക ശ്രമ കുറ്റം ഒഴിവാക്കണമെന്നും പഠാന്‍ അഭ്യര്‍ഥിച്ചു. 144-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചതായി തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും പഠാന്‍ കോടതിയില്‍ പറഞ്ഞു. 

തന്റെ തലയ്ക്കു നേരെ തോക്കു ചൂണ്ടി വെടിവയ്ക്കുകയായിരുന്നെന്നാണ് ദഹിയ കോടതിയില്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ വധിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന പഠാന്റെ വാദം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com