ഭര്‍ത്താവ് വിളിച്ചപ്പോള്‍ പ്രതികരണമില്ല, ബംഗ്ലാവില്‍ ഭാര്യയെയും മക്കളെയും മയക്കിക്കിടത്തി ലക്ഷങ്ങളുടെ കവര്‍ച്ച; വീട്ടുജോലിക്കാരിയും ഭര്‍ത്താവും ഒളിവില്‍

മഹാരാഷ്ട്രയില്‍ തൊഴിലുടമയുടെ ഭാര്യയെയും മക്കളെയും മയക്കിക്കിടത്തി വീട്ടുജോലിക്കാരിയും ഭര്‍ത്താവും ചേര്‍ന്ന് കവര്‍ച്ച നടത്തിയതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ തൊഴിലുടമയുടെ ഭാര്യയെയും മക്കളെയും മയക്കിക്കിടത്തി വീട്ടുജോലിക്കാരിയും ഭര്‍ത്താവും ചേര്‍ന്ന് കവര്‍ച്ച നടത്തിയതായി പരാതി. ഒന്നരലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളുമായി ഇരുവരും കടന്നുകളഞ്ഞതായി പരാതിയില്‍ പറയുന്നു. തൊഴിലുടമ വിദേശത്താണ് താമസിക്കുന്നത്. വീട്ടിലുള്ളവരെ വിളിച്ചപ്പോള്‍ ആരും പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

പുനെയില്‍ തൊഴിലുടമയുടെ ബംഗ്ലാവിലാണ് സംഭവം. വീട്ടിലുള്ളവരെ വിളിച്ചപ്പോള്‍ ആരും പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബന്ധുക്കളെയും സെക്യൂരിറ്റി ജീവനക്കാരനെയും വിളിച്ച് അന്വേഷിക്കുകയായിരുന്നു. ബന്ധുക്കള്‍ വീട്ടില്‍ പോയി നോക്കിയപ്പോള്‍ ഭാര്യയും മക്കളും അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ഭാര്യയെയും മക്കളെയും ആശുപത്രിയിലാക്കി. തുടര്‍ന്ന് പൊലീസിനെ ബന്ധുക്കളാണ് വിവരം അറിയിച്ചത്.

ബോധം തിരിച്ചുകിട്ടിയ ഭാര്യയുടെയും മക്കളുടെയും ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ് പറയുന്നു. ബംഗ്ലാവില്‍ നിന്ന് വിലപ്പിടിപ്പുള്ള സാധനങ്ങളില്‍ ഭൂരിഭാഗവും നഷ്ടപ്പെട്ടില്ല. ഇവ സുരക്ഷിതമായാണ് സൂക്ഷിച്ചിരുന്നത്. പുറത്തുവച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. നേപ്പാളില്‍ നിന്നുള്ളവരാണ് വീട്ടുജോലിക്കാര്‍. ഇവര്‍ ചുവന്ന ബാഗുമായി പുറത്തേയ്ക്ക് പോകുന്നത് കണ്ടതായി സുരക്ഷാ ജീവനക്കാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com