'ഈ ഒരാള്‍ അല്ലാതെ അന്വേഷണത്തിന് എതിരെ ആരും സംശയം പ്രകടിപ്പിച്ചില്ല'; ഗുജറാത്ത്  കലാപത്തില്‍ എസ്‌ഐടി സുപ്രീംകോടതിയില്‍

2002ലെ ഗുജറാത്ത് കലാപത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സാകിയ ജഫ്‌റി നല്‍കിയ ഹര്‍ജിയല്ലാതെ മറ്റാരും അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം സുപ്രീംകോടതിയില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സാകിയ ജഫ്‌റി നല്‍കിയ ഹര്‍ജിയല്ലാതെ മറ്റാരും അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം സുപ്രീംകോടതിയില്‍. കലാപ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെ 64പേര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണ സംഘത്തിന്റെ നടപടിക്ക് എതിരെ, കലാപത്തിനിടെ കൊല്ലപ്പെട്ട എഹ്‌സാന്‍ ജഹ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് എസ്‌ഐടി ഇത് പറഞ്ഞത്. സാകിയ ജഫ്രി അല്ലാതെ, മറ്റാരും അന്വേഷണ സംഘത്തിന് എതിരെ വിരല്‍ ചൂണ്ടിയിട്ടില്ലെന്ന് എസ്‌ഐടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി പറഞ്ഞു.

വിചാരണക്കോടതിയും ഗുജറാത്ത് ഹൈക്കോടതിയും ചെയ്തതുപോലെ സാകിയ ജഫ്രിയുടൈ ഹര്‍ജയില്‍ സുപ്രീംകോടതിയും നടപടി സ്വീകരിക്കണമെന്ന് റോഹ്തഗി വാദിച്ചു. ഇല്ലെങ്കില്‍ ഇത്തരം ഹര്‍ജികള്‍ അനന്തമായി നീണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ജഫ്രിയുടെ ഹര്‍ജികള്‍ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. 

ജഫ്രിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍, ഹര്‍ജിക്കാരെ ഗുജറാത്തിന് എതിരായ ആളുകളായി ചിത്രീകരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞു. എന്തെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ ആരാണെന്ന് കണ്ടെത്തേണ്ടത് എസ്‌ഐടിയുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു

അക്രമം നടത്തിയത് കുറ്റക്കാരല്ലെന്നാണ് നിങ്ങളുടെ ചിന്തയെങ്കില്‍, പിന്നെ ആരാണ് അക്രമം നടത്തിയതെന്ന് കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന്റെ ബാധ്യതയാണെന്നും സിബല്‍ പറ്ഞ്ഞു. 

സുപ്രീംകോടതി നിയോഗിച്ച ജോലിക്ക് പുറമേ, കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ സംഘം ചെയ്തിട്ടുണ്ടെന്ന് റോഹ്തഗി വാദിച്ചു. ഏകദേശം 20 വര്‍ഷത്തിന് ശേഷവും, കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യമെന്നും റോഹ്തഗി പറഞ്ഞു. 

'പുതിയ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. ആരാണ് പുതിയ അന്വേഷകര്‍? അന്വേഷണം ആര് നിരീക്ഷിക്കും? പുതിയ അന്വേഷണ സംഘത്തെയും നിങ്ങള്‍ വിശ്വസിക്കില്ല. സ്‌കോട്ട്‌ലാന്റ് യാര്‍ഡില്‍ നിന്ന് അന്വേഷകരെ കണ്ടെത്തണം.'- റോഹ്തഗി പറഞ്ഞു. 

2002ല്‍ ഗോദ്രാ ട്രെയിന്‍ ആക്രമണത്തിന് പിറ്റേദിവസം നടന്ന കലാപത്തില്‍ കോണ്‍ഗ്രസ് എംപിയായിരുന്ന എഹ്‌സാന്‍ ജഫ്രി അടത്തം 68പേര്‍ കൊല്ലപ്പെട്ടിരുന്നു. 2012 ഫെബ്രുവരി എട്ടിനാണ് എസ്‌ഐടി കേസില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018ലാണ് എസ്‌ഐടി റിപ്പോര്‍ട്ടിന് എതിരെ നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്ക് എതിരെ സാകിയ ജഫ്രി സുപ്രീംകോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com