അടിവയറ്റിന് സമീപം വൃക്ക, മണിക്കൂറുകള്‍ക്കകം 156 കല്ലുകള്‍ നീക്കം ചെയ്തു; രാജ്യത്ത് ആദ്യം 

കീഹോള്‍ ശസ്ത്രക്രിയയിലൂടെ 50കാരന്റെ വൃക്കയില്‍ നിന്ന് 156 കല്ലുകള്‍ നീക്കം ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: കീഹോള്‍ ശസ്ത്രക്രിയയിലൂടെ 50കാരന്റെ വൃക്കയില്‍ നിന്ന് 156 കല്ലുകള്‍ നീക്കം ചെയ്തു. ഒരു രോഗിയില്‍ നിന്ന് ഇത്രയുമധികം കല്ലുകള്‍ നീക്കം ചെയ്യുന്നത് രാജ്യത്ത് ആദ്യമാണ്.  വലിയ ശസ്ത്രക്രിയ നടത്താതെ, ലാപ്രോസ്‌കോപ്പിയും എന്‍ഡോസ്‌കോപ്പിയും നടത്തിയാണ് അതിവിദഗ്ധമായി ശരീരത്തില്‍ നിന്ന് ഇത്രയുമധികം കല്ലുകള്‍ നീക്കം ചെയ്തതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഹൈദരാബാദിലെ പ്രമുഖ ആശുപത്രിയിലാണ് ചികിത്സ നടന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇത്രയുമധികം കല്ലുകള്‍ നീക്കം ചെയ്തത്. കര്‍ണാടക ഹുബ്ലി സ്വദേശിയായ 50കാരന്‍ ആരോഗ്യം വീണ്ടെടുത്തതായി വൃക്കസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്ക്് പേരുകേട്ട പ്രീതി ഹോസ്പിറ്റല്‍ അറിയിച്ചു. 

സ്‌കൂള്‍ അധ്യാപകനായ ബസവരാജാണ് ചികിത്സ തേടിയത്. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടി എത്തിയത്. പരിശോധനയില്‍ വൃക്കയില്‍ കല്ലുകള്‍ കണ്ടെത്തുകയായിരുന്നു.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി അടിവയറ്റിന് സമീപം വൃക്ക കാണപ്പെടുന്ന അപൂര്‍വ്വം കേസുകളില്‍ ഒന്നാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിനാല്‍ കല്ലുകള്‍ നീക്കം ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടുവര്‍ഷം കൊണ്ടാകാം ശരീരത്തില്‍ കല്ലുകള്‍ രൂപപ്പെട്ടത്. എന്നാല്‍ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത് അടുത്തിടെ മാത്രമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com