മതം മാറ്റിയാൽ പത്ത് വർഷം വരെ തടവ്; മതപരിവര്‍ത്തന നിരോധന ബില്ലുമായി കർണാടക; ഇന്ന് പരി​ഗണനയിൽ

ബസവരാജ് ബൊമ്മെയും ബി എസ് യെഡിയൂരപ്പയും/ എക്സ്പ്രസ് ഫോട്ടോ
ബസവരാജ് ബൊമ്മെയും ബി എസ് യെഡിയൂരപ്പയും/ എക്സ്പ്രസ് ഫോട്ടോ

ബം​ഗളൂരു; മത പരിവർത്തനം കുറയ്ക്കാൻ ബില്ലുമായി കർണാടക സർക്കാർ. മതപരിവര്‍ത്തന നിരോധന ബില്‍ ഇന്ന് കര്‍ണാടക മന്ത്രിസഭയുടെ പരിഗണനയ്ക്ക്. മത പരിവർത്തനം നടത്തുന്നവർക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കടുത്ത വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റവും നിയമപരിധിയില്‍ വരും. 

പത്ത് വർഷം തടവ് അഞ്ച് ലക്ഷം പിഴ

മതം മാറ്റത്തിന് പൊതുവേ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ പരിവര്‍ത്തനം ചെയ്തവരില്‍ സ്ത്രീയോ പട്ടികവിഭാഗത്തില്‍പ്പെട്ടവരോ പ്രായപൂര്‍ത്തിയാകാത്തവരോ ഉണ്ടെങ്കില്‍ ശിക്ഷ പത്ത് വര്‍ഷം വരെയാകും. പിഴ ഒരു ലക്ഷം മുതല്‍ 5 ലക്ഷം വരെ ആകും. ഒന്നിലധികം പേരെ ഒരേസമയം മതംമാറ്റിയെന്ന് കണ്ടെത്തിയാല്‍ പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കും. ഇത്തരം കേസുകൾക്ക് ജാമ്യം പോലും ലഭിക്കില്ല. പരാതി ഉയര്‍ന്നാല്‍ മതം മാറ്റം സ്വമേധയാ ആണെന്ന് തെളിയിക്കേണ്ട മുഴുവന്‍ ഉത്തരവാദിത്വവും കുറ്റാരോപിതനാണ്. ഇല്ലെങ്കില്‍ ജയില്‍ശിക്ഷയ്ക്ക് പുറമേ മതംമാറിയവര്‍ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം നല്‍കണം.

വിവാഹം അസാധുവാകും

വിവാഹത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയുള്ള മതംമാറ്റത്തിന് പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കും. നിര്‍ബന്ധിച്ചുള്ള മതംമാറ്റം ആണെന്ന് കണ്ടെത്തിയാല്‍ വിവാഹം അസാധുവാക്കും. മതം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് മാസം മുന്‍പെങ്കിലും വിവരം കളക്ടറെ രേഖാമൂലം അറിയിക്കണം.മതംമാറി 30 ദിവസത്തിനകം ആ വിവരവും അറിയിക്കണം. കളകറുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാകും നിയമസാധുത. മതം മാറുന്നവര്‍ക്ക് ആദ്യമുണ്ടായിരുന്ന വിഭാഗത്തിന്‍റെ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ആശുപത്രികള്‍, അനാഥാശ്രമങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും ജില്ലാ പൊലീസ് മേധാവിമാര്‍ പരിശോധന നടത്തും.സ്വാധീനത്തിലൂടെയുള്ള മതംമാറ്റം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടിയുണ്ടാകും. മതപരിവര്‍ത്തന കേസുകള്‍ വ്യാപകമായി ഉയരുന്നുവെന്ന പരാതികള്‍ക്കിടെയാണ് പുതിയ നിയമം. പിന്നാക്കം നില്‍ക്കുന്ന ഹിന്ദുമതത്തിലുള്ളവരെ വ്യാപകമായി ക്രൈസ്തവരായി മതംമാറ്റം ചെയ്യുന്നുവെന്നായിരുന്നു പരാതികള്‍.  ക്രൈസ്തവ സംഘടനകളുടെ എതിര്‍പ്പുകള്‍ക്കിടയിലാണ് ബില്ലുമായി സർക്കാർ മുന്നോട്ടുപോകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com