വോട്ടര്‍ ഐഡി - ആധാര്‍ ബന്ധിപ്പിക്കല്‍; ബില്‍ രാജ്യസഭയിലും പാസായി

രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാവും
പാര്‍ലമെന്റ് മന്ദിരം/എഎന്‍ഐ
പാര്‍ലമെന്റ് മന്ദിരം/എഎന്‍ഐ

ന്യൂഡല്‍ഹി: വോട്ടേഴ്‌സ് ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം അടങ്ങിയ തെരഞ്ഞെടുപ്പു പരിഷ്‌കരണ ബില്‍ രാജ്യസഭ പാസാക്കി. ഇന്നലെ ലോക്‌സഭ പാസാക്കിയ ബില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനിടെ ശബ്ദവോട്ടോടെയാണ് രാജ്യസഭ അംഗീകരിച്ചത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാവും.

ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന് നിര്‍ദേശിച്ച് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നെങ്കിലും ശബ്ദവോട്ടോടെ സഭ അതു തള്ളി. ബില്‍ വോട്ടിനിടണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയന്‍ ആവശ്യപ്പെട്ടു. വോട്ടെടുപ്പു നടത്തുന്നതിന് അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്കു മടങ്ങണമെന്ന് അധ്യക്ഷപദത്തില്‍ ഉണ്ടായിരുന്ന ഹരിവംശ് നിര്‍ദേശിച്ചു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ മുദ്രാവാക്യം വിളി തുടര്‍ന്നതോടെ ശബ്ദവോട്ടോടെ ബില്‍ പാസാക്കുകയായിരുന്നു. തുടര്‍ന്നു റൂള്‍ ബുക്ക് വലിച്ചെറിഞ്ഞ ഡെറിക് ഒബ്രിയന്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്നു തൃണമൂല്‍, ഇടത്, ഡിഎംകെ, എന്‍സിപി അംഗങ്ങളും സഭ വിട്ടു.

ബിജെപി, ജെഡിയു, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ, ബിജെഡി, ടിഎംസി-എം എന്നീ പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചു. വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന് ബില്‍ സാഹചര്യമൊരുക്കുമെന്ന് ഈ പാര്‍ട്ടികളുടെ അംഗങ്ങള്‍ പറഞ്ഞു. 

ബില്‍ വോട്ടര്‍മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ്, ടിഎംസി, സിപിഐ, സിപിഎം, ഡിഎംകെ, എസ്പി എന്നീ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com