ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ല : ഹൈക്കോടതി

യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ദീര്‍ഘകാലം പരസ്പരസമ്മതത്തോടെ ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ഹൈക്കോടതി. വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറിയ യുവാവിനെ കുറ്റക്കാരനായി വിധിച്ച കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിച്ചാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. 

പാല്‍ഘറിലെ കാശിനാഥ് ഗാരട്ട് എന്നയാളെയാണ് കീഴ്‌ക്കോടതി കുറ്റക്കാരനെന്ന് വിധിച്ചത്.  പെണ്‍കുട്ടിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിച്ചു എന്നായിരുന്നു ഇയാള്‍ക്കെതിരായ കുറ്റം. എന്നാല്‍ തുടക്കം മുതലേ ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നു തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കാശിനാഥിനെതിരെ കേസെടുത്തത്. അഡീഷണല്‍ സെഷന്‍സ് കോടതി വഞ്ചനാകേസില്‍ ഇയാളെ ശിക്ഷിച്ചു. ബലാത്സംഗക്കേസില്‍ വെറുതെ വിടുകയും ചെയ്തു. ഇതിനെതിയോണ് കാശിനാഥ് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. 

ജസ്റ്റിസ് അഞ്ജു പ്രഭുദേശായിയാണ് അപ്പീല്‍ ഹര്‍ജി പരിഗണിച്ചത്. താന്‍ വഞ്ചിതയായെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ലെന്നും ശാരീരികബന്ധം പരസ്പരസമ്മതത്തോടെ ആയിരുന്നെന്നും കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മില്‍ സ്‌നേഹത്തിലായിരുന്നുവെന്നാണ് യുവതിയുടെ സഹോദരി പറയുന്നത്. 

യുവാവും യുവതിയും മൂന്നുവര്‍ഷത്തോളം ശാരീരികബന്ധം പുലര്‍ത്തിയിരുന്നതായും വ്യക്തമാകുന്നു. വ്യാജ വിവരങ്ങള്‍ നല്‍കിയോ വഞ്ചനയിലൂടേയോ അല്ല പെണ്‍കുട്ടിയുമായി യുവാവ് ശാരീരികബന്ധത്തിലേര്‍പ്പെട്ടത്. അതിനാല്‍ത്തന്നെ പിന്നീട് വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാനാകില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com