ദേശീയഗാനം തെറ്റിച്ചു പാടി സ്മൃതി ഇറാനിയും സംഘവും ; ദേശീയവാദികള്‍ ആദ്യം ജനഗണമന ശ്രദ്ധിച്ച് പഠിക്കൂവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ( വീഡിയോ) 

ദേശീയഗാനം തെറ്റായി ആലപിച്ചതില്‍ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്
റാലിയില്‍ സ്മൃതി ഇറാനി / വീഡിയോ ദൃശ്യം
റാലിയില്‍ സ്മൃതി ഇറാനി / വീഡിയോ ദൃശ്യം

കൊല്‍ക്കത്ത : ബിജെപി സംഘടിപ്പിച്ച റാലിക്കിടെ ദേശീയഗാനം തെറ്റായി പാടിയതില്‍ വ്യാപക വിമര്‍ശനം ഉയരുന്നു. പശ്ചിമബംഗാളിലെ ഹൗറയില്‍ ബിജെപി സംഘടിപ്പിച്ച റാലിക്കിടെയാണ് ജനഗണമന തെറ്റായി ആലപിച്ചത്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി,  ദേബശ്രീ ചൗധരി, മുതിര്‍ന്ന നേതാക്കളായ കൈലാഷ് വിജയവര്‍ഗീയ, മുകുള്‍ റോയ്, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് ദേശീയഗാനം തെറ്റായി ആലപിച്ചത്. 

ജനഗണ മംഗല ദായക ജയഹേ എന്നു ചൊല്ലേണ്ടിടത്ത് ജനഗണ മന അധിനായക ജയഹേ എന്നു ചൊല്ലുകയായിരുന്നു. നേതാക്കളെല്ലാം തെറ്റായി ആലപിച്ച ദേശീയഗാനം ഏറ്റു ചൊല്ലുകയും ചെയ്തു. മമത സര്‍ക്കാരില്‍ നിന്നും അടുത്തിടെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ സംസ്ഥാനമന്ത്രിമാരായ സുവേന്ദു അധികാരി, രജീബ് ബാനര്‍ജി എന്നിവരും ദേശീയഗാനം തെറ്റായി ആലപിക്കുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നു. 

സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ദേശീയഗാനം തെറ്റായി ആലപിച്ചതിനെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജി വിമര്‍ശിച്ചു. ലജ്ജാകരം എന്നാണ് അഭിഷേക് അഭിപ്രായപ്പെട്ടത്. ദേശീയതയെയും ദേശസ്‌നേഹത്തെയും കുറിച്ച് വാതോരാതെ പറയുന്നവര്‍ക്ക് ദേശീയഗാനം തെറ്റാതെ ചൊല്ലാന്‍ പോലും അറിയില്ല. ഈ പാര്‍ട്ടിയാണ് ഇന്ത്യയുടെ ആദരവും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുമെന്ന് അവകാശപ്പെടുന്നത്. അഭിഷേക് ബാനര്‍ജി പരിഹസിച്ചു. 

ലജ്ജാകരമായ ഈ പ്രവൃത്തിയില്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും രാജ്യത്തോട് മാപ്പു പറയണമെന്നും അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടു. ബിജെപി ദേശീയഗാനത്തെ അപമാനിച്ചു എന്ന പേരില്‍ ഹാഷ്ടാഗ് പ്രാചാരണവും ആരംഭിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com