കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് പോകുന്ന കര്‍ഷക നേതാക്കള്‍ ഫോട്ടോ എഎന്‍ഐ
കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് പോകുന്ന കര്‍ഷക നേതാക്കള്‍ ഫോട്ടോ എഎന്‍ഐ

കര്‍ഷകസമരത്തിന് പരിഹാരമാകുമോ?; ഡല്‍ഹിയില്‍ എട്ടാംവട്ട ചര്‍ച്ച തുടങ്ങി

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്.

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകസംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഡല്‍ഹിയില്‍ ആരംഭിച്ചു. ഇത് എട്ടാം തവണയാണ് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തുന്നത്. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 26ന് ശേഷം സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന പുതിയ ഫോര്‍മുല കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചേക്കുമെന്ന് സൂചനയുണ്ട്. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.   കര്‍ഷകസമരം 44ാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തിലാണ് ഇന്ന് എട്ടാംവട്ട ചര്‍ച്ച നടക്കുന്നത്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണ് കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ കൂടാതെ പീയുഷ് ഗോയല്‍ അടക്കമുള്ള മറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 41 നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. 

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ അജണ്ടയിലൂന്നിയ ചര്‍ച്ച വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. സര്‍ക്കാര്‍ ചില ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായേക്കുമെന്നും റിപ്പോട്ടുകളുണ്ട്. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന ഫോര്‍മുലയാണ് കേന്ദ്രം മുന്നോട്ടുവെക്കാന്‍ ആലോചിക്കുന്നത്.

ഈ ഫോര്‍മുല പ്രകാരം, സര്‍ക്കാര്‍ നിലപാടില്‍നിന്ന് മുന്നോട്ടു പോയെന്ന് തോന്നുമെങ്കിലും രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നത് ബി.ജെ.പിയോ ബി.ജെ.പി. നേതൃത്വം നല്‍കുന്ന മുന്നണിയോ ആണ്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ നിയമം നടപ്പാക്കുകയും മറ്റ് നാമമാത്ര സംസ്ഥാനങ്ങളില്‍ മാത്രം ഈ നിയമം നടപ്പാക്കിതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് ഇടയില്‍ത്തന്നെ ഭിന്നതയ്ക്ക് വഴിവെച്ചേക്കും. ഇത്തരമൊരു ആശങ്ക കര്‍ഷക നേതാക്കള്‍ക്ക് ഇടയിലുണ്ട്. അതിനാല്‍ തന്നെ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഒരു നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കുക എന്നത് ശരിയാകില്ലെന്ന നിയമോപദേശമാണ് കര്‍ഷകസംഘടനകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒന്നുകില്‍ രാജ്യമാകെ ഒറ്റനിയമം. അല്ലാതെ ചില സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കുകയും മറ്റ് സംസ്ഥാങ്ങള്‍ നിയമം നടപ്പാക്കേണ്ടതില്ലെന്നുമുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് കര്‍ഷകസംഘടനകള്‍ പറയുന്നത്. അതിനാല്‍ തന്നെ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com