കരുത്ത് വര്‍ധിപ്പിക്കാന്‍ വ്യോമസേന, 114 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു; 1.3 ലക്ഷം കോടി രൂപയുടെ പദ്ധതി 

അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കരുത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 114 യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാന്‍ വ്യോമസേന തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കരുത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 114 യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാന്‍ വ്യോമസേന തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 1.3 ലക്ഷം കോടിരൂപ ചെലവഴിച്ച് യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് പദ്ധതി.ഇതുസംബന്ധിച്ച പ്രാഥമിക നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം തദ്ദേശീയമായി വിമാനങ്ങള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ കമ്പനിക്ക് വിദേശ കമ്പനി സാങ്കേതികവിദ്യ കൈമാറുന്ന രീതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. യുഎസ്, ഫ്രാന്‍സ്, റഷ്യ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ യുദ്ധവിമാന നിര്‍മാണ കമ്പനികള്‍ ഇന്ത്യയ്ക്ക് വിവരങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. റഫാല്‍ യുദ്ധവിമാനങ്ങളുടേതിന് സമാനമായ സാങ്കേതിക മികവുള്ള കൂടുതല്‍ വിമാനങ്ങള്‍ വ്യോമസേനയ്ക്ക് ലഭ്യമാക്കാന്‍ വഴിതെളിക്കുന്നതാണ് നീക്കം.

എഫ് 18 സൂപ്പര്‍ ഹോര്‍നെറ്റ്, എഫ് 15 സ്ട്രൈക്ക് ഈഗിള്‍ തുടങ്ങിയവയാണ് അമേരിക്ക വാഗ്ദാനം ചെയ്യുന്നത്. മിഗ് - 35, സുഖോയ് എന്നിവയാണ് റഷ്യ വാഗ്ദാനം ചെയ്യാനിടയുള്ളത്. തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങള്‍ 50,000 കോടിരൂപ മുടക്കി ഏറ്റെടുക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ സമിതി അടുത്തിടെ അനുമതി നല്‍കിയിരുന്നു. അതിനിടെയാണ് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കാനുള്ള നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com