യോഗി ആദിത്യനാഥ് - നരേന്ദ്രമോദി
യോഗി ആദിത്യനാഥ് - നരേന്ദ്രമോദി

യോഗി കോവിഡിനെ മറ്റാര്‍ക്കും പറ്റാത്തവിധം പിടിച്ചുനിര്‍ത്തി; അഭിനന്ദിച്ച് മോദി

കോവിഡ് രണ്ടാം തരംഗത്തെ യുപി സര്‍ക്കാര്‍ നിയന്ത്രിച്ച രീതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്‌നൗ: കോവിഡ് രണ്ടാം തരംഗത്തെ യുപി സര്‍ക്കാര്‍ നിയന്ത്രിച്ച രീതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  അഭൂതപൂര്‍വമായ രീതിയിലാണ് യുപി സര്‍ക്കാര്‍ രണ്ടാം തരംഗത്തെ പിടിച്ചുനിര്‍ത്തിയതെന്നും മോദി പറഞ്ഞു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അടിസ്ഥാനത്തിലല്ല യോഗി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വികസനക്കുതിപ്പിലൂടെയാണ് യുപി മുന്നേറുന്നതെന്നും മോദി പറഞ്ഞു. വാരാണസി സന്ദര്‍ശനത്തിനിടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയേറെ ജനങ്ങളുണ്ടായിട്ടും കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനായി. അഭൂതപൂര്‍വമായ രീതിയിലാണ് സര്‍ക്കാര്‍ ഇത് കൈകാര്യം ചെയ്തത്. നേരത്തെ ചെറിയ സംഭവങ്ങള്‍ പോലും വേണ്ടത്ര ആരോഗ്യസംവിധാനങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നിയന്ത്രിക്കാനായിരുന്നില്ലെന്നും മോദി പറഞ്ഞു.

ഈ നൂറ്റാണ്ടില്‍ ലോകം  നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് കോവിഡ്. എന്നാല്‍ കോവിഡിനെ നേരിടാന്‍ യുപി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മനുഷ്യരാശിയെ സംബന്ധിച്ചടത്തോളം വലിയ ബുദ്ധിമുട്ടിലായിരുന്നു. എന്നാല്‍ യുപി സര്‍ക്കാര്‍ കൊറോണ മഹാമാരിയെ ശക്തമായ രീതിയില്‍ പ്രതിരോധിച്ചെന്നും മോദി പറഞ്ഞു

പുതിയ ഉത്തര്‍പ്രദേശിനെ നിര്‍മ്മിക്കാന്‍ യോഗി ആദിത്യനാഥ് അഹോരാത്രം പ്രവര്‍ത്തിക്കുന്നു. കര്‍ശന നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കിയതിലൂടെ സംസ്ഥാനത്തെ മാഫിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും തീവ്രവാദ സാന്നിധ്യവും മുഴുവനായി തുടച്ചുനീക്കാന്‍ സാധിച്ചു. ഇപ്പോള്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിക്കാന്‍ അക്രമികള്‍ ഭയപ്പെടുകയാണ് എന്ന് നരേന്ദ്ര മോദി പറഞ്ഞു.

2017 ന് മുന്‍പും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആരംഭിച്ചിരുന്നു. യുപിയില്‍ വികസനം കൊണ്ടുവന്ന് ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കിക്കൊടുക്കാനാണ് യോഗി ആദിത്യനാഥ് പ്രയത്‌നിക്കുന്നത്.അതിനാല്‍ യുപിയില്‍ പദ്ധതികളുടെ പ്രയോജനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചേരുകയും പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com