കര്‍ണാടകയിലെ 'ഓപ്പറേഷന്‍ താമരയ്ക്കും' പെഗാസസ്?; മുന്‍ ഉപമുഖ്യമന്ത്രിയുടെ ഫോണ്‍ ഉള്‍പ്പെടെ ചോര്‍ത്തി, റിപ്പോര്‍ട്ട്

കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തും  ഫോണ്‍ ചോര്‍ത്തലുണ്ടായെന്നാണ് ദി വയര്‍ വെബ്‌സൈറ്റ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്
ചിത്രം പിടിഐ
ചിത്രം പിടിഐ


ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ വിവാദം അവസാനിക്കുന്നില്ല. കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തും  ഫോണ്‍ ചോര്‍ത്തലുണ്ടായെന്നാണ് ദി വയര്‍ വെബ്‌സൈറ്റ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ ഫോണ്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ജനതാദള്‍ എസ്- കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടന്ന 'ഓപ്പറേഷന്‍ താമര'യുടെ സമയത്താണ് ഈ ചോര്‍ത്തല്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കര്‍ണാടകയിലെ മുന്‍സര്‍ക്കാരിനെ താഴെയിറക്കിയ 'ഓപ്പറേഷന്‍ താമര'യുടെ സമയത്ത് സംസ്ഥാനത്തെ കോണ്‍ഗ്രസ്,ജെഡിഎസ് നേതാക്കളുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന വിവരമാണ് പുറത്തെത്തിയിരിക്കുന്നത്. മുന്‍മുഖ്യമന്ത്രിമാരായ എച്ച് ഡി കുമാരസ്വാമിയുടെയും സിദ്ധരാമയ്യയുടെയും പേഴ്‌സണല്‍ സെക്രട്ടറിമാരുടെ നമ്പറുകളും നിരീക്ഷണത്തിന് വിധേയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ജെഡിഎസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ സുരക്ഷാസംഘത്തിലെ ഒരു പൊലീസുകാരന്റെ ഫോണും ചോര്‍ത്തലിന് വിധേയമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ല്‍ കോണ്‍ഗ്രസില്‍നിന്നും ജനതാദളില്‍നിന്നും 17 എംഎല്‍എമാര്‍ രാജിവെച്ചതിനു പിന്നാലെയാണ് കര്‍ണാടകയിലെ അന്നത്തെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെവീണത്. തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി. 14 കോണ്‍ഗ്രസ് എംഎല്‍എമാരും 3 ജെഡിഎസ് എംഎല്‍എമാരുമായിരുന്നു അന്ന് രാജിവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com