അടുത്തിടെ നിയമനം, പിന്നാലെ പടിയിറക്കം; ട്വിറ്ററിന്റെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥൻ സ്ഥാനമൊഴിഞ്ഞു

അടുത്തിടെ നിയമനം, പിന്നാലെ പടിയിറക്കം; ട്വിറ്ററിന്റെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥൻ സ്ഥാനമൊഴിഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ട്വിറ്റർ രാജ്യത്ത് അടുത്തിടെ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥൻ സ്ഥാനമൊഴിഞ്ഞു. ഇന്ത്യയിലെ ഇടക്കാല റെസിഡൻഷ്യൽ ഗ്രീവൻസ് ഓഫീസറായി നിയമിച്ച ധർമേന്ദ്ര ചതുറാണ് രാജിവെച്ചത്. പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ട്വിറ്ററും പോരടിക്കുന്നതിനിടെയാണ് ഉദ്യോ​ഗസ്ഥന്റെ രാജി. 

ഇന്ത്യയിലെ പുതിയ ഐടി നിയമപ്രകാരമായിരുന്നു ചതുറിന്റെ നിയമനം. പിന്നാലെയാണ് രാജിയും. അതേസമയം ഇതുസംബന്ധിച്ച് ട്വിറ്റർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

മെയ് 25 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ഐടി നിയമപ്രകാരം ഉപഭോക്താക്കളിൽ നിന്നോ മറ്റോ ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളെ നിർബന്ധിക്കുന്നു. 50 ലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും അത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കിടുന്നതിന് ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നിർദേശമുണ്ടായിരുന്നു.

ഇതനുസരിച്ച് ചീഫ് കംപ്ലയിൻസ് ഓഫീസർ, നോഡൽ കോൺടാക്റ്റ് ഓഫീസർ, റസിഡന്റ് ഗ്രീവൻസ് ഓഫീസർ എന്നിവരെ നിയമിക്കാൻ കമ്പനികൾ നിർബന്ധിതരായി. ഇത്തരം ഉദ്യോഗസ്ഥർ ഇന്ത്യയിൽ താമസിക്കുന്നവരാകണമെന്നും പുതിയ നിയമം പറയുന്നു.

ജൂൺ അഞ്ചിന് സർക്കാർ പുറപ്പെടുവിച്ച അന്തിമ നോട്ടീസിന് മറുപടിയായി പുതിയ നിയമങ്ങൾ പാലിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നുവെന്ന് ട്വിറ്റർ അറിയിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ധർമേന്ദ്ര ചതുറിനെ ഇന്ത്യയിലെ ഇടക്കാല റസിഡന്റ് ഗ്രീവൻസ് ഓഫീസറായി നിയമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ യുഎസിലെ മേൽവിലാസമാണ് ട്വിറ്റർ നൽകിയിരുന്നത്.

തുടർന്ന് കേന്ദ്രത്തിന്റെ പുതിയ ഐടി ചട്ടം പാലിക്കാൻ തയ്യാറാകാത്തതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമപരമായ പരിരക്ഷ നഷ്ടമായിരുന്നു. നിയമവിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരേ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടിയെടുക്കാം. ഇതനുസരിച്ച് ഉത്തർപ്രദേശിൽ ട്വിറ്ററിനെതിരെ ഇതിനോടകം കേസെടുകളെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com