സൂര്യകാന്ത മിശ്രയില്ല ; മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥി ആയില്ല ; ബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു

സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര ഇത്തവണ മല്‍സരത്തിനില്ല
ബിമന്‍ ബോസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നു / പിടിഐ ചിത്രം
ബിമന്‍ ബോസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നു / പിടിഐ ചിത്രം

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. ആദ്യ രണ്ടു ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന  മണ്ഡലങ്ങളിലെ 39 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇതില്‍ അഞ്ചുപേര്‍ വനിതകളാണ്. നിരവധി യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ടെന്ന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടുകൊണ്ട് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് പറഞ്ഞു. 

മുഖ്യമന്ത്രി മമത ബാനര്‍ജി മല്‍സരിക്കുന്ന നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മമതയ്‌ക്കെതിരെ ഉചിതമായ സ്ഥാനാര്‍ത്ഥിയെ തേടിക്കൊണ്ടിരിക്കുകയാണ്. സഖ്യകക്ഷികളായ കോണ്‍ഗ്രസും ഐഎസ്എഫുമായും ചര്‍ച്ച ചെയ്തായിരിക്കും നന്ദിഗ്രാമിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുക എന്നും ബിമന്‍ ബോസ് പറഞ്ഞു. 

ആദ്യ രണ്ടുഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇടതുപാര്‍ട്ടികള്‍ 40 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട അഞ്ചിടത്തും ജനവിധി തേടും. എന്നാല്‍ ഈ സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ്, ഐഎസ്എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥികളെ ഉടന്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് എംപി പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. 

സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര ഇത്തവണ മല്‍സരത്തിനില്ല. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് സൂര്യകാന്ത മിശ്ര വ്യക്തമാക്കി. ബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ 165 സീറ്റുകളില്‍ മല്‍സരിക്കാനാണ് ധാരണയായത്. കോണ്‍ഗ്രസ് 92 സീറ്റുകളില്‍ ജനവിധി തേടും. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന് ( ഐഎസ്എഫ് ) 37 സീറ്റ് നല്‍കാനാണ് തീരുമാനം. 

തൃണമൂല്‍ കോണ്‍ഗ്രസ് 291 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. മമത ബാനര്‍ജി നന്ദിഗ്രാമില്‍ മല്‍സരിക്കും. മമതയുടെ സ്ഥിരം മണ്ഡലമായ ഭവാനിപോരയില്‍ മുതിര്‍ന്ന നേതാവ് സോവന്‍ദേബ് ചാറ്റര്‍ജി മല്‍സരിക്കും. ചാറ്റര്‍ജിയുടെ മണ്ഡലമായ റാഷ്ബിഹാരിയില്‍ പുതുമുഖം ദേബാശിഷ് കുമാറും ജനവിധി തേടും. തൃണമൂലിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 50 വനിതകളും 42 മുസ്ലിങ്ങളും ഉള്‍പ്പെടുന്നു. 

പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27 ന് നടക്കും. ഏപ്രില്‍ ഒന്ന്, ആറ്, 10,17,22,16, ഏപ്രില്‍ 29 തീയതികളിലായിട്ടാണ് ബംഗാളിലെ വോട്ടെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ബംഗാളില്‍ ഭരണം നേടാന്‍ ബിജെപിയും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ സഭയില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 222 സീറ്റുകളാണുണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com