ധന്‍സിങ് റാവത്ത് ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയായേക്കും?

നിലവില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് റാവത്ത്.
dhan_sing_rawat
dhan_sing_rawat

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ധന്‍സിങ് റാവത്ത് മുഖ്യമന്ത്രിയായേക്കും. പാര്‍ട്ടിയിലെ ആഭ്യന്ത്രകലാപത്തെ തുടര്‍ന്ന് ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചതിന് പിന്നാലെയാണ് ധന്‍സിങ് റാവത്തിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് റാവത്ത്.

വൈകീട്ട് നാലുമണിക്ക് ഗവര്‍ണറുടെ വസതിയിലെത്തിയാണ് ത്രിവേന്ദ്രസിങ് റാവത്ത് രാജിക്കത്ത് കൈമാറിയത്. ദേവഭൂമി ഭരിക്കാന്‍ നാലുവര്‍ഷം അവസരം തന്നെ പാര്‍ട്ടിയോട് നന്ദിയെന്ന് രാജിക്കത്ത് നല്‍കിയതിന് പിന്നാലെ റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇത് തന്റെ ജീവിത്തിലെ സുവര്‍ണാവസരമായിരുന്നു. ഇത്രയും വലിയ പദവി പാര്‍ട്ടി തന്നെ ഏല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

നാളെ രാവിലെ പത്ത് മണിക്ക് നിയമസഭാ അംഗങ്ങളുടെ യോഗം ചേരും. യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയായി ധന്‍സിങ് റാവത്തിനെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാവിലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ത്രിവേന്ദ്രസിങ് റാവത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ രാത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും റാവത്ത് കണ്ടിരുന്നു.എന്നാല്‍ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് റാവത്തിനെ മാറ്റണമെന്ന കാര്യത്തില്‍ ഉറച്ചുനിന്നതോടെ ദേശീയ നേതൃത്വം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

റാവത്തിനെതിരെ അഴിമതിക്കേസുകള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ഈയിടെ ചമോലിയിലുണ്ടായ ദുരന്തം കൈകാര്യം ചെയ്തതിലെ വന്‍വീഴ്ചയാണ് കടുത്ത പ്രതിസന്ധിയിലാക്കിയത്. മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തില്‍ കാണാതായ 132പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 2017ലാണ് റാവത്തിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ അധികാരമേറ്റത്. 70 അംഗ സഭയില്‍ ബിജെപിക്ക് 57 എംഎല്‍എമാരാണ് ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com