വോട്ടുചോദിക്കാന്‍ എംഎല്‍എയെത്തി; പുഴുവരിച്ച റേഷനരി കൊണ്ട് ആരതിയുഴിഞ്ഞ് നാട്ടുകാര്‍, സ്ത്രീകളുടെ വേറിട്ട പ്രതിഷേധം ( വീഡിയോ)

നല്ല അരിപോലും നല്‍കാന്‍ കഴിയാതെ എന്തിന് ഭരിക്കുന്നുവെന്ന ചോദ്യത്തിന് എംഎല്‍എയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല
സ്ത്രീകളുടെ പ്രതിഷേധം / വീഡിയോ ചിത്രം
സ്ത്രീകളുടെ പ്രതിഷേധം / വീഡിയോ ചിത്രം

മധുര : വോട്ടു ചോദിച്ചെത്തിയ ഭരണകക്ഷി എംഎല്‍എ ഭക്ഷ്യയോഗ്യമല്ലാത്ത റേഷനരി കൊണ്ട് ആരതിയുഴിഞ്ഞ് ഗ്രാമീണരുടെ പ്രതിഷേധം. തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ ഷോളവന്താന്‍ നിയമസഭ മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടുന്ന എഐഎഡിഎംകെ എംഎല്‍എ മാണിക്യത്തിനാണ് അപ്രതീക്ഷിത പ്രതിഷേധം നേരിടേണ്ടി വന്നത്. 

ഷോളവന്താനിലെ സെവക്കാട് ഗ്രാമത്തില്‍ വോട്ടുചോദിച്ച് എത്തിയതായിരുന്നു എംഎല്‍എ. തമിഴ്‌നാട്ടില്‍ ആചാരത്തിന്റെ ഭാഗമായി അതിഥികളെ ആരതി ഉഴിഞ്ഞ് സ്വീകരിക്കും. ആരതിയുടെ പ്രതീകമെന്ന പോലെ ഗ്രാമത്തിലെ സ്ത്രീകള്‍ പ്ലേറ്റ് നിറയെ അരിയുമായി വരിവരിയായി നിരന്നു നിന്നു.

മഞ്ഞയും കറുപ്പും നിറത്തിലുള്ള പുഴുവരിച്ച ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണ് സ്ത്രീകളുടെ പ്ലേറ്റിലുള്ളതെന്ന് എംഎല്‍എ ശ്രദ്ധിച്ചു. ഇതേത്തുടര്‍ന്നാണ് ഗ്രാമീണരുടെ പ്രതിഷേധമാണെന്ന് എംഎല്‍എയ്ക്ക് മനസ്സിലായത്.

ഞങ്ങളും മനുഷ്യരല്ലെ? ഈ അരി എങ്ങനെ വേവിച്ച് കഴിക്കുമെന്ന് ജനങ്ങള്‍ എംഎല്‍എയോടും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരോടും ചോദിച്ചു.നല്ല അരിപോലും നല്‍കാന്‍ കഴിയാതെ എന്തിന് ഭരിക്കുന്നുവെന്ന ചോദ്യത്തിന് എംഎല്‍എ മാണിക്യത്തിന് മറുപടി ഉണ്ടായിരുന്നില്ല.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ വോട്ട് ചോദിക്കാന്‍ മാത്രമെത്തിയാല്‍ പോരെന്നും മാണിക്യത്തോട് ഗ്രാമീണര്‍ പറഞ്ഞു.  പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് കൊടുത്ത ശേഷമാണ് എംഎല്‍എയെ പ്രചാരണം തുടരാന്‍ ഗ്രാമീണര്‍ അനുവദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com