ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണം; രണ്ടാം തരംഗം അടങ്ങുന്ന ലക്ഷണമില്ലെന്ന് ആന്തണി ഫൗചി

ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണം; രണ്ടാം തരംഗം അടങ്ങുന്ന ലക്ഷണമില്ലെന്ന് ആന്തണി ഫൗചി
ഡല്‍ഹിയിലെ ഗുരുദ്വാരയില്‍ ഓക്‌സിജന്‍ സ്വീകരിച്ച കോവിഡ് ബാധിത ബന്ധുവിനൊപ്പം/പിടിഐ
ഡല്‍ഹിയിലെ ഗുരുദ്വാരയില്‍ ഓക്‌സിജന്‍ സ്വീകരിച്ച കോവിഡ് ബാധിത ബന്ധുവിനൊപ്പം/പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിച്ചുനിര്‍ത്താന്‍ ഏതാനും ആഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് പ്രമുഖ അമേരിക്കന്‍ പകര്‍ച്ച വ്യാധി വിദഗ്ധനും ബൈഡന്‍ ഭരണകൂടത്തിന്റെ ആരോഗ്യ ഉപദേഷ്ടാവുമായ ആന്തണി ഫൗചി. ഇന്ത്യയില്‍ രണ്ടാം തരംഗം അടങ്ങുന്ന ലക്ഷണം കാണുന്നില്ലെന്ന് അദ്ദേഹം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വ്യാപനം തടയുന്നതിന് രാജ്യം അടിയന്തരമായി അടച്ചിടണം. അതോടൊപ്പം ഓക്‌സിജനും മരുന്നുകളും പിപിഇ കിറ്റുകളും ഉറപ്പുവരുത്തുകയെന്നതും പ്രധാനമാണെന്ന് ഫൗചി പറഞ്ഞു. കൊറോണയ്‌ക്കെതിരെ വിജയപ്രഖ്യാപനം നേരത്തെയായിപ്പോയെന്ന് ആരെയും പേരെടുത്തു പറയാതെ ഫൗചി അഭിപ്രായപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണ്‍ പ്രധാനമാണെന്നാണ് താന്‍ കരുതുന്നത്. വൈറസ് ബാധയെ പ്രതിരോധിക്കു്ന്നതില്‍ പെട്ടെന്ന് എടുക്കേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതുമായ കാര്യങ്ങളാണ്. പെട്ടെന്ന് എടുക്കേണ്ട നടപടികളില്‍ പ്രധാനമാണ് ലോക്ക് ഡൗണ്‍. ആറു മാസത്തേക്ക് അടച്ചിടണമെന്നല്ല പറയുന്നത്, എന്നാല്‍ ഏതാനും ആഴ്ചകള്‍ രാജ്യം ലോക്ക് ഡൗണ്‍ ചെയ്യണം. 

ഒരു വര്‍ഷം മുമ്പ് ചൈനയില്‍ വലിയ വ്യാപനം ഉണ്ടായപ്പോള്‍ അവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ക് ഡൗണ്‍ ചെയ്യുകയെന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. എന്നാല്‍ വ്യാപനം തടയാന്‍ അതു  വേണ്ടിവരും. 

ഇന്ത്യയില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് രോഗപ്രതിരോധത്തില്‍ ഒരു ഏകോപനവും ഇല്ലെന്നാണ്. പ്രായമായ അമ്മമാരുമായി മക്കള്‍ തെരുവിലിറങ്ങി ഓക്‌സിജനു വേണ്ടി യാചിക്കേണ്ട സ്ഥിതിയാണ്. അതിനര്‍ഥം ഒരു ഏകോപനവും നടക്കുന്നില്ലെന്നാണ്. 

നൂറ്റി നാല്‍പ്പതു കോടി ജനങ്ങളുള്ള ഇന്ത്യയില്‍ പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയത് രണ്ടു ശതമാനം പേര്‍ക്കു മാത്രമാണ്. വൈറസിനെതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ പ്രധാനമാണ്. അതു വേഗത്തിലാക്കാന്‍ ഇന്ത്യ എത്രയും വേഗം കരാറുകളില്‍ ഏര്‍പ്പെടണമെന്ന് ഫൗചി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com