കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം പേർക്കും കോവിഡ്, മധ്യപ്രദേശിൽ നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത് 61 വിശ്വാസികളാണ് മധ്യപ്രദേശിലേക്ക് തിരികെയെത്തിയത്. ഇവരിൽ 60 പേരും കൊവിഡ് പോസിറ്റീവായി
കുംഭമേള / ട്വിറ്റര്‍ ചിത്രം
കുംഭമേള / ട്വിറ്റര്‍ ചിത്രം

ന്യൂഡൽഹി; കോവിഡ് രണ്ടാം തരം​ഗം രൂക്ഷമായതിനിടെയാണ് രാജ്യത്ത് കുംഭമേള നടന്നത്. അതിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ഇപ്പോൾ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. മധ്യപ്രദേശിൽ നിന്ന് കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കൊവിഡ് പോസിറ്റീവായതായാണ് റിപ്പോർട്ട്. ടൈംസ് നൗ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 

ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത് 61 വിശ്വാസികളാണ് മധ്യപ്രദേശിലേക്ക് തിരികെയെത്തിയത്. ഇവരിൽ 60 പേരും കൊവിഡ് പോസിറ്റീവായി. കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ പലരേയും കണ്ടെത്താനായിട്ടില്ലെന്നും ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താൻ ആയാൽ മാത്രമേ ആകെ എണ്ണം വ്യക്തമാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഹരിദ്വാറിലെ കുംഭമേള കൊവിഡ് സൂപ്പർ സ്പ്രെഡർ ആവുമെന്ന് ആരോ​ഗ്യ പ്രവർത്തകർ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന കണക്കുകൾ. വിവിധ സംസ്ഥാനങ്ങളിലും കുംഭമേളയിൽ പങ്കെടുത്ത വിശ്വാസികൾ കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യമാണുള്ളത്. കുഭമേളയിൽ നിന്ന് മടങ്ങിയെത്തിയ വിശ്വാസികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വിവിധ സംസ്ഥാനങ്ങൾ ഇവർക്ക് കൊവിഡ് ടെസ്റ്റും ക്വാറൻറൈനും കർശനമാക്കുകയാണ്. കുംഭമേളയിൽ പങ്കെടുത്തവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറൻറൈനാണ് ഡൽഹി ഏർപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിൽ ആർടിപിസിആർ പരിശോധന കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയവർക്ക് നിർബന്ധമാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com