ഒന്നിനു പിറകേ ഒന്നൊന്നായി മൃതദേഹങ്ങള്‍, ബന്ധുക്കള്‍ ഐസിയുവിലേക്ക് ഇരച്ചുകയറി; രക്ഷ തേടി കാന്റീനില്‍ ഒളിച്ച് ഡോക്ടര്‍മാര്‍ (വീഡിയോ)

ഗുരുഗ്രാമിലെ കൃതി ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറുപേരാണ് മരിച്ചത്
ഐസിയുവിലേക്ക് പ്രവേശിക്കുന്ന ബന്ധുക്കള്‍
ഐസിയുവിലേക്ക് പ്രവേശിക്കുന്ന ബന്ധുക്കള്‍

ഗുരുഗ്രാം: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ നിരവധി വാര്‍ത്തകളാണ് പുറത്തുവന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ നിന്നുള്ള ഹൃദയഭേദകമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളെ ഞെട്ടിക്കുന്നത്. 

ഗുരുഗ്രാമിലെ  ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറുപേരാണ് മരിച്ചത്. ഓക്‌സിജന്‍ കിട്ടാതെയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ മൂന്ന് പേര്‍ ഐസിയുവിലായിരുന്നു. സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഒന്നിനു പുറകെ ഒന്നായി അഞ്ചു രോഗികളുടെ മൃതദേഹങ്ങള്‍ കിടക്കയില്‍ കിടക്കുന്നത് വിഡിയോയില്‍ കാണാം. വീഡിയോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി പേര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് കൊലപാതമാണ്. മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് രോഗികളുടെ ബന്ധുക്കള്‍ ഐസിയുവില്‍ കയറുന്നതും ഡോക്ടര്‍മാരെയോ ജീവനക്കാരെയോ കാണാതെ പരിഭ്രാന്തിയോടെ നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.രോഗികളുടെ ബന്ധുക്കള്‍ ഐസിയുവില്‍ പ്രവേശിക്കുമ്പോള്‍ ഇവിടെ ഡോക്ടറോ ജീവനക്കാരോ  സെക്യൂരിറ്റി പോലുമോ ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് വിഡിയോയിലുണ്ട്.

നഴ്‌സിങ് സ്റ്റേഷനിലൂടെയും വാര്‍ഡിലൂടെയും കാബിനുകളിലൂടെയും ഇവര്‍ കയറിയിറങ്ങി നോക്കുന്നു. എന്നിട്ടും ആരെയും കണ്ടെത്താനായില്ല. രോഗികളെ മരിക്കാന്‍ വിട്ടിട്ട് എങ്ങനെയാണ് ഡോക്ടര്‍മാര്‍ മാറിനില്‍ക്കുന്നതെന്ന് ബന്ധുക്കള്‍ പൊലീസുകാരോട് ചോദിക്കുന്നുണ്ട്. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ ഡോക്ടര്‍മാരും ജീവനക്കാരും ഐസിയുവിലുള്ള രോഗികളെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ഓക്‌സിജന്‍ ക്ഷാമം ആശുപത്രി അധികൃതര്‍ സ്വയം വരുത്തിവച്ചതാണെന്നും ഇവര്‍ ആരോപിക്കുന്നു. 'എന്റെ അനന്തരവന്‍ കോവിഡ് ബാധിച്ചു മരിച്ചു. മൂന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഞാന്‍ ആശുപത്രിക്ക് വാങ്ങി നല്‍കി. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ തീര്‍ന്ന് അവന്‍ മരിച്ചു. അവിടെ വേറെ ഓക്‌സിജന്‍ ലഭ്യമായിരുന്നില്ല''- ബന്ധുക്കളില്‍ ഒരാള്‍ പറയുന്നു.

ഓക്‌സിജന്‍ ക്ഷാമം ഉണ്ടായതോടെ രോഷാകുലരായ ബന്ധുക്കളില്‍നിന്ന് രക്ഷപ്പെടുന്നതിനായി ഡോക്ടര്‍മാര്‍ കാന്റീനില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഓക്‌സിജന്‍ ലഭ്യമല്ലെന്ന് സര്‍ക്കാരിനെ അന്ന് ഉച്ചയ്ക്ക് രണ്ടിനു തന്നെ അറിയിച്ചിരുന്നു. രോഗികളെ മറ്റെവിടേക്കെങ്കിലും മാറ്റാന്‍ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ആരുമെത്തിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

11 മണിയോടെ ആറു പേരാണ് മരിച്ചതെന്നും ആശുപത്രി ഡയറക്ടര്‍ സ്വാതി റാത്തോഡ് പറഞ്ഞു. രോഗികളുടെ ബന്ധുക്കള്‍ പ്രകോപിതരായതോടെ ജീവന്‍ നഷ്ടപ്പെടുമെന്ന പേടിയില്‍ ജീവനക്കാരെല്ലാരും കാന്റീനില്‍ ഒളിക്കുകയായിരുന്നു. ആരും ആശുപത്രി വിട്ടിരുന്നില്ല. പൊലീസ് സ്ഥലത്തെത്തിയതോടെ അവര്‍ ജോലി പുനഃരാരംഭിച്ചു എന്നും സ്വാതി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com