മരണത്തിലും കൂട്ട് വിട്ടില്ല;  എന്‍ജിനിയര്‍മാരായ ഇരട്ട സഹോദരങ്ങള്‍ മണിക്കൂറുകള്‍ക്കിടെ കോവിഡ് ബാധിച്ച് മരിച്ചു

ചെറുപ്പം മുതല്‍ക്കേ എല്ലാകാര്യത്തിലും ഒരുമിച്ചായിരുന്ന സഹോദരന്‍മാരെ ആര്‍ക്കും വേര്‍പ്പെടുത്താന്‍ ആകുമായിരുന്നില്ല
കോവിഡ് ബാധിച്ച് മരിച്ച ഇരട്ട സഹോദരങ്ങള്‍
കോവിഡ് ബാധിച്ച് മരിച്ച ഇരട്ട സഹോദരങ്ങള്‍

മീററ്റ്:  മലയാളി യുവ എന്‍ജിനീയര്‍മാരായ ഇരട്ട സഹോദരങ്ങള്‍ മീററ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഗ്രാമല ബ്രഹ്മകുളം വീട്ടില്‍ ഗ്രിഗറി റാഫേല്‍സോജ ദമ്പതികളുടെ മക്കളായ ജോയ്‌ഫ്രെഡ്, റാല്‍ഫ്രെഡ് എന്നിവരാണ് മരിച്ചത്. 23 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയ് ഒന്നിനാണ് ഇരുവരെയും മീററ്റിലെ ആനന്ദ് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

1997 ഏപ്രില്‍ 23നാണ് ഗ്രിഗറി റാഫേലിന്റെ ഭാര്യ സോജ രണ്ട് കണ്‍മണികള്‍ക്ക് ജന്മം നല്‍കിയത്. ഇരട്ടകള്‍ക്ക് ജോഫ്രഡ് വര്‍ഗീസ് ഗ്രിഗറിയെന്നും റാല്‍ഫ്രഡ് ജോര്‍ജ് ഗ്രിഗറിയെന്നും പേരിട്ടു. മൂന്ന് മിനിറ്റിന്റെ വ്യത്യാസത്തിലായിരുന്നു ഇരുവരുടെയും ജനനം.

ചെറുപ്പം മുതല്‍ക്കേ എല്ലാകാര്യത്തിലും ഒരുമിച്ചായിരുന്ന സഹോദരന്‍മാരെ ആര്‍ക്കും വേര്‍പ്പെടുത്താന്‍ ആകുമായിരുന്നില്ല. പഠനത്തിലടക്കം ഒന്നിച്ചായിരുന്ന ഇരുവരും കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്ങിലാണ് തങ്ങളുടെ ഭാവി കണ്ടത്. ഹൈദരാബാദില്‍ ജോലിയും ഒരുമിച്ചായിരുന്നു. ഏപ്രില്‍ 24ന് കോവിഡ് പിടിപ്പെട്ട ഇരുവരും മണിക്കൂറുകളുടെ മാത്രം ഇടവേളയില്‍ മരണത്തിലും ഒരുമിച്ചു.ഒരാള്‍ക്ക് എന്താണോ സംഭവിക്കുന്നത് അത് തന്നെ മറ്റവനും സംഭവിക്കുമായിരുന്നു. ജനനം മുതല്‍ അത് അങ്ങനെയാണ്. ജോഫ്രഡ് മരിച്ചുവെന്ന വിവരം കേട്ടയുടന്‍ താന്‍ ഭാര്യയോട് പറഞ്ഞു. റാല്‍ഫ്രഡ് ഒരിക്കലും ഒറ്റക്ക് വീട്ടിലേക്ക് മടങ്ങി വരില്ല. അവര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മേയ് 13നും മേയ് 14നുമായി മരിച്ചുവെന്ന് റാഫേല്‍ പറഞ്ഞു.

അവര്‍ തങ്ങള്‍ക്ക് വേണ്ടി പല പദ്ധതികളും ആസൂത്രണം ചെയ്തിരന്നു. ഞങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കണമെന്ന് അവര്‍ ആഗ്രഹിച്ചു. അധ്യപകരായിരുന്ന ഞങ്ങള്‍ അവരെ വളര്‍ത്തികൊണ്ടുവരാന്‍ ഒരുപാട് പാടുപെട്ടു എന്ന് കണ്ടാണ് പണം മുതല്‍ സന്തോഷം വരെ തിരികെ നല്‍കാന്‍ അവര്‍ ആഗ്രഹിച്ചത്. ജോലി തേടി കൊറിയയിലോ ജര്‍മനിയിലോ പോകണമെന്ന് അവര്‍ പദ്ധതിയിട്ടിരുന്നു. എന്തിനാണ് ദൈവം ഞങ്ങളെ ഇങ്ങനെ ശിക്ഷിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് റാഫേല്‍ പറഞ്ഞു. ഇരുവരെയും കൂടാതെ ദമ്പതികള്‍ക്ക് നെല്‍ഫ്രെഡ് എന്ന് പേരുള്ള മകനും കൂടിയുണ്ട്.

ഇരുവര്‍ക്കും കോവിഡ് നെഗറ്റീവായെങ്കിലും കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്ന് വ്യാഴാഴ്ച ജോയ് ഫ്രഡിഡിനും പിറ്റേന്ന് റാല്‍ ഫ്രഡിനും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. മാതാപിതാക്കള്‍ കോളജ് അധ്യാപകരായിരുന്നതിനാല്‍ ഇരുവരും വളര്‍ന്നതും പഠിച്ചതും മീററ്റിലാണ്. എന്‍ജിനീയറിങ് ബിരുദമെടുത്ത ശേഷം ഇരുവരും സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മീററ്റിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കാരം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com