കുംഭമേളയെ അപമാനിക്കുന്നതിന് പിന്നില്‍ ഗൂഢാലോചന; വിമര്‍ശിക്കുന്നവരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ബാബ രാംദേവ്

കോവിഡ് വ്യാപനത്തിന്റെ പേരില്‍ കുംഭമേളയെ അധിക്ഷേപിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ബാബാ രാംദേവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പേരില്‍ കുംഭമേളയെ അധിക്ഷേപിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ബാബാ രാംദേവ്. ടൂള്‍ കിറ്റ് ഉപയോഗിച്ച് കുംഭമേളയെയും ഹിന്ദുമതത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ബാബാ രാംദേവ് കുറ്റപ്പെടുത്തി.

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിതീവ്രമായ പശ്ചാത്തലത്തിലാണ് കുംഭമേളയ്ക്ക് എതിരെ വിമര്‍ശനമുയര്‍ന്നത്. സാമൂഹിക അകലം പാലിക്കാതെ ചടങ്ങില്‍ ആളുകള്‍ കൂട്ടത്തോടെ പങ്കെടുത്തത് കോവിഡ് വ്യാപനം രൂക്ഷമാക്കാന്‍ കാരണമായി എന്ന തരത്തിലാണ് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നത്. അതിനിടെ നിരവധിപ്പേര്‍ക്ക് കോവിഡ് ബാധിച്ചതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കുംഭമേളയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ബാബാ രാംദേവ് രംഗത്തുവന്നത്.

കുംഭമേളയെയും ഹിന്ദുമതത്തെയും വിമര്‍ശിക്കുന്നത് കുറ്റമാണെന്നും ബാബ രാംദേവ് പറഞ്ഞു. രാഷ്ട്രീയം പറയാം, എന്നാല്‍ ഹിന്ദുമതത്തെ അപഹസിക്കരുതെന്ന് ബാബാ രാംദേവ് അഭ്യര്‍ത്ഥിച്ചു. ഈ രാജ്യം ഒരിക്കലും പൊറുക്കില്ല. അത്തരത്തില്‍ വിമര്‍ശനം നടത്തുന്നവരെ ബഹിഷ്‌കരിക്കുകയും എതിര്‍ക്കുകയും വേണമെന്നും ബാബാ രാംദേവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com