ബാർജ് അപകടത്തിന് കാരണം ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവ​ഗണിച്ചത്, മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

ബാർജുകൾ മുങ്ങിയിട്ട് നാലു ദിവസമായി. ഇതിനോടകം 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 25 പേരെ ഇനിയും കണ്ടെത്താനുള്ളത്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

മുംബൈ: മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കൽപ്പറ്റ സ്വദേശി സുമേഷിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. അതിനിടെ ചുഴലിക്കാറ്റ് മുന്നറിയിച്ചത് അവ​ഗണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കോൺഗ്രസും എൻസിപിയും ശിവസേനയും ആവശ്യപ്പെട്ടു. ബാർജുകൾ മുങ്ങിയിട്ട് നാലു ദിവസമായി. ഇതിനോടകം 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 25 പേരെ ഇനിയും കണ്ടെത്താനുള്ളത്. 

ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയപ്പോൾ തന്നെ പല ബാർജുകളും കരയിലേക്ക് വലിച്ച് കൊണ്ട് പോയതാണ്. എന്ത് കൊണ്ട് അത് ചെയ്തില്ലെന്ന ചോദ്യമാണ് മുങ്ങിപ്പോയ പാപ്പ 305 ബാർജിനെ കുറിച്ച് ഉയരുന്ന ആദ്യ ചോദ്യം. പ്രൊപ്പല്ലറുകൾ ഇല്ലാത്തതിനാൽ നങ്കൂരം പൊട്ടിയാൽ ബാർജുകളെ നിയന്ത്രിക്കാനാകില്ല. റിഗിൽ ഇടിച്ച് ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമെന്ന് മുൻകൂട്ടി കാണണമായിരുന്നു. 

എന്നാൽ ചുഴലിക്കാറ്റിന്റെ ദിശയിൽ മാറ്റങ്ങളുണ്ടായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന വാദമാണ് ന്യായമായി നിരത്തുന്നത്. ബാർജുകളുടെ നങ്കൂരങ്ങൾ ഉയ‍ർത്താൻ ദിവസങ്ങളെടുക്കുമെന്നതിനാൽ അവസാന നിമിഷം നിസഹായരായി പോയേക്കാം. ഒഎൻജിസിയ്ക്കും കേന്ദ്ര പെടോളിയം മന്ത്രിക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. മന്ത്രിയുടെ രാജി ആവശ്യവും മുന്നോട്ട് വച്ചു. വിമർശനവുമായി എൻസിപിയും രംഗത്തെത്തി. കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന് പുറമെ മുംബൈ പൊലീസും അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com