മംഗള്‍സൂത്ര പരസ്യത്തില്‍ നഗ്നത, അന്ത്യശാസനവുമായി മന്ത്രി; സബ്യസാചി പരസ്യം പിന്‍വലിച്ചു

മംഗള്‍സൂത്രയുടെ പരസ്യത്തില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതാണ് എതിര്‍പ്പിന് ഇടയാക്കിയത്
വിവാദമായ പരസ്യത്തില്‍നിന്ന്/ട്വിറ്റര്‍
വിവാദമായ പരസ്യത്തില്‍നിന്ന്/ട്വിറ്റര്‍

ഭോപ്പാല്‍: മധ്യപ്രദേശ് ആഭ്യന്തര മന്ത്രി അന്ത്യശാസനം നല്‍കിയതിനു പിന്നാലെ, വിവാദമായ മംഗള്‍സൂത്ര പരസ്യം പിന്‍വലിച്ച് സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചി മുഖര്‍ജി. ഇരുപത്തിനാലു മണിക്കൂറിനകം പരസ്യം പിന്‍വലിക്കണമെന്നായിരുന്നു മന്ത്രി നരോത്തം മിശ്രയുടെ മുന്നറിയിപ്പ്. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ പരസ്യം പിന്‍വലിക്കുകയായിരുന്നു.

ഇരുപത്തിനാലു മണിക്കൂറിനകം പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ കേസെടുത്ത് നടപടികളിലേക്കു പോവുമെന്ന് നരോത്തം മിശ്ര പറഞ്ഞു. അശ്ലീലവും അംഗീരിക്കാനാവാത്തതുമാണ്, പരസ്യമെന്ന് മിശ്ര അഭിപ്രായപ്പെട്ടു.

ആഘോഷ വേളയെന്നതു മാത്രം ലക്ഷ്യമിട്ടാണ് പരസ്യമൊരുക്കിയതെന്ന് സബ്യസാചി മുഖര്‍ജി അറിയിച്ചു. ഒരു വിഭാഗത്തിന് അത് മോശമായി തോന്നുന്നത് ദുഃഖകരമാണ്. അതുകൊണ്ടുതന്നെ പരസ്യം പിന്‍വലിക്കുകയാണെന്ന് സബ്യസാചി അറിയിച്ചു.

മംഗള്‍സൂത്രയുടെ പരസ്യത്തില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതാണ് എതിര്‍പ്പിന് ഇടയാക്കിയത്. ''അതീവ പ്രാധാന്യമുള്ള ആഭരണമാണ് മംഗള്‍സൂത്ര. അതിലെ മഞ്ഞ പാര്‍വതി ദേവിയെയും കറുപ്പ് ശിവനെയുമാണ് പ്രതീകവത്കരിക്കുന്നത്. മംഗള്‍സൂത്ര ധരിക്കുന്ന സ്ത്രീകള്‍ തന്റൈയും ഭര്‍ത്താവിനെയും സുരക്ഷ ഉറപ്പാക്കുന്നു''- നരോത്തം മിശ്ര പറഞ്ഞു. 

നേരത്തെ ലെസ്ബിയന്‍ ദമ്പതികളെ പരസ്യത്തില്‍ കാണിച്ച ഡാബറിനെതിരെയും നരോത്തം മിശ്ര രംഗത്തുവന്നിരുന്നു. തുടര്‍ന്ന ആ പരസ്യവും പിന്‍വലിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com