പെട്രോളിന് പത്തും ഡീസലിന് അഞ്ചുരൂപയും കുറച്ചു, 70 വര്‍ഷത്തിനിടെ ആദ്യം, നികുതി കുറച്ച് പഞ്ചാബും

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ഇന്ധനനികുതി കുറച്ചു
ചരണ്‍ജിത് സിങ് ഛന്നി
ചരണ്‍ജിത് സിങ് ഛന്നി

ചണ്ഡീഗഡ്: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ഇന്ധനനികുതി കുറച്ചു. മൂല്യവര്‍ധിത നികുതിയില്‍ കുറവ് വരുത്തിയതോടെ, പെട്രോള്‍ ലിറ്ററിന് 10 രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് കുറഞ്ഞത്. പഞ്ചാബ് ചരിത്രത്തില്‍ 70 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്രയും വില കുറയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നി പ്രതികരിച്ചു.

തൊട്ടടുത്തുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് മേഖലയില്‍ പെട്രോളിന് ഏറ്റവും വില കുറവുള്ള സംസ്ഥാനമായി പഞ്ചാബ് മാറി. ഡല്‍ഹിയെ അപേക്ഷിച്ച് പെട്രോള്‍ വിലയില്‍ ഒന്‍പത് രൂപയുടെ കുറവാണ് ഉണ്ടായതെന്നും ചരണ്‍ജിത്ത് സിങ് ഛന്നി വ്യക്തമാക്കി.

പെട്രോളിന് പത്തും ഡീസലിന് അഞ്ചുരൂപയും കുറച്ചു

ദീപാവലിക്ക് തൊട്ടുമുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീഡലിന്റെയും എക്‌സൈസ് തീരുവ കുറച്ചത്. പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഇന്ധനനികുതി കുറച്ചതിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും വാറ്റ് കുറയ്ക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാവാതിരുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രം ഇനിയും നികുതി കുറയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. 

പഞ്ചാബ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. ഇതിന് മുന്നോടിയായി നികുതി കുറച്ചതാണ് എന്ന തരത്തിലും രാഷ്ട്രീയകോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com