ഐപിഎല്‍ വാതുവെപ്പില്‍ 10 ലക്ഷം നഷ്ടമായി; എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച് ബാങ്ക് ജീവനക്കാരന്‍; അറസ്റ്റ്

എടിഎം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് മൂവരും ചേര്‍ന്ന് കീര്‍ത്തി ശുഭം ജോലി ചെയ്യുന്ന ബാങ്കിന്റെ എടിഎം ഇളക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പറ്റ്‌ന: ഐപിഎല്‍ വാതുവെപ്പില്‍ 10 ലക്ഷം രൂപ നഷ്ടമായ സ്വകാര്യ ബാങ്ക് ജീവനക്കാരന്‍ എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് പിടിയിലായി. പറ്റ്‌നയിലെ പത്രകര്‍ നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള എടിഎമ്മാണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കൊപ്പം ഒരു സൈനികന്‍ ഉള്‍പ്പെടെ മറ്റുരണ്ടുപേരെകൂട്ടി പോലീസ് അറസ്റ്റു ചെയ്തു. 

സ്വകാര്യ ബാങ്കിന്റെ പൂനെയിലെ ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന കീര്‍ത്തി ശുഭം, ഇയാളുടെ ഭാര്യാസഹോദരനും ജമ്മുവില്‍ ജോലി ചെയ്യുന്ന സൈനികനുമായ വാല്‍മീകി കുമാര്‍, സുഹൃത്ത് രാഹുല്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. എടിഎം പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരുടെ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാനാണ് വിവരം പൊലീസില്‍ അറിയിച്ചത്.

എടിഎം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് മൂവരും ചേര്‍ന്ന് കീര്‍ത്തി ശുഭം ജോലി ചെയ്യുന്ന ബാങ്കിന്റെ എടിഎം ഇളക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രമം പരാജയപ്പെട്ടതോടെ ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു എടിഎമ്മില്‍ നിന്ന് പണം കൊള്ളയടിക്കാന്‍ തീരുമാനിച്ചു. ആദ്യത്തെ ബാങ്കിന്റെ എടിഎമ്മില്‍ 33 ലക്ഷം രൂപയും രണ്ടാമത്തെ എടിഎമ്മില്‍ 2.5 ലക്ഷം രൂപയുമാണ് ഉണ്ടായിരുന്നത്. 

ഐപിഎല്‍ വാതുവെപ്പില്‍ 10 ലക്ഷം രൂപ നഷ്ടമായെന്നും ഇതുമൂലം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കീര്‍ത്തി ശുഭം ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. ദീപാവലി പ്രമാണിച്ച് വാല്‍മീകി കുമാര്‍ അവധിക്ക് നാട്ടിലെത്തിയിരുന്നു. എടിഎം കൊള്ളയടിക്കായി കീര്‍ത്തി ഇയാളേയും രാഹുലിനേയും ഒപ്പംചേര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com