സൂപ്പര്‍സോണിക് മിസൈലുകള്‍, ഇന്ത്യയുടെ ഏറ്റവും നശീകരണശേഷിയുള്ള യുദ്ധക്കപ്പല്‍; ഐഎന്‍എസ് വിശാഖപട്ടണം നാടിന് സമര്‍പ്പിച്ചു, സവിശേഷതകള്‍- വീഡിയോ 

നാവികസേനയ്ക്ക് കൂടുതല്‍ കരുത്തുപകര്‍ന്ന് പ്രോജക്ട് 15ബിയുടെ ഭാഗമായുള്ള ആദ്യ പടക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം രാജ്യത്തിന് സമര്‍പ്പിച്ചു
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ഐഎന്‍എസ് വിശാഖപട്ടണം കമ്മീഷന്‍ ചെയ്യുന്നു, എഎന്‍ഐ ചിത്രം
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ഐഎന്‍എസ് വിശാഖപട്ടണം കമ്മീഷന്‍ ചെയ്യുന്നു, എഎന്‍ഐ ചിത്രം

മുംബൈ: നാവികസേനയ്ക്ക് കൂടുതല്‍ കരുത്തുപകര്‍ന്ന് പ്രോജക്ട് 15ബിയുടെ ഭാഗമായുള്ള ആദ്യ പടക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം രാജ്യത്തിന് സമര്‍പ്പിച്ചു.അത്യാധുനിക സംവിധാനങ്ങളുളള പടക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് കമ്മീഷന്‍ ചെയ്തത്. 

മുംബൈയിലെ മസഗോണ്‍ ഡോക്ക് യാര്‍ഡിലായിരുന്നു ചടങ്. മിസൈല്‍ ഡിസ്‌ട്രോയറായ സ്റ്റെല്‍ത്ത് ഗൈഡഡ് കപ്പലാണ് ഐഎന്‍എസ് വിശാഖപട്ടണം. ഇത്തരത്തിലുള്ള നാലു കപ്പലുകളാണ് എംഡിഎസ്എല്ലിനു കീഴില്‍ നിര്‍മിക്കുന്നത്. 35,800 കോടി രൂപയുടേതാണു പ്രോജക്ട് 15ബി എന്ന പേരിലുള്ള കപ്പല്‍ നിര്‍മാണ കരാര്‍. അത്യാധുനിക മിസൈലുകളാണ് വിശാഖപട്ടണത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഭൂതല- ഭൂതല സൂപ്പര്‍സോണിക് മിസൈല്‍ മുതല്‍ ഭൂതല- വ്യോമ മിസൈലുകള്‍ വരെ ഇതില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ മധ്യ, ഹ്രസ്വദൂര ഗണുകളും ആന്റി സബ്മറൈന്‍ റോക്കറ്റുകളും കപ്പലിലെ ആയുധശേഖരത്തില്‍ ഉള്‍പ്പെടുന്നു.  ആണവ, ജൈവ, രാധായുധങ്ങള്‍ പ്രയോഗിക്കപ്പെടുന്ന അന്തരീക്ഷത്തിലും ഇവ പ്രവര്‍ത്തിപ്പിക്കാം. 

2015 ഏപ്രിലിലാണ് പ്രോജക്ട് 15ബി ആരംഭിച്ചത്. ഇന്ത്യയുടെ ഏറ്റവും നശീകരണശേഷിയുള്ള കപ്പലുകളില്‍ ഒന്നാണ് ഐഎന്‍എസ് വിശാഖപട്ടണം. കപ്പലിന്റെ 75 ശതമാനവും തദ്ദേശീയമായി നിര്‍മിച്ചതാണ്. ഇത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കൂടുതല്‍ കരുത്തു പകരുന്നതാണ്. 163 മീറ്ററാണ് നീളം. 7400 ടണാണ് കേവുഭാരം.വിവിധോദ്ദേശ്യ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ളതാണ് ഐഎന്‍എസ് വിശാഖപട്ടണം. ഈ ശ്രേണിയില്‍പ്പെട്ട രണ്ടാമത്തെ കപ്പല്‍ 2023ല്‍ കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പ്രോജക്ട് 15ബിയുടെ ഭാഗമായുള്ള മറ്റു രണ്ടു പടക്കപ്പലുകള്‍ 2025ല്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുന്നവിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com