ആടുമോഷ്ടാക്കളെ പിടികൂടിയ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാലുപേർ അറസ്റ്റിൽ; പിടിയിലായവരിൽ 10 ഉം 17 ഉം വയസ്സുള്ള കുട്ടികളും

നാവൽപ്പട്ട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ  സി ഭൂമിനാഥൻ ആണ്  കൊല്ലപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: പുതുക്കോട്ടയിൽ ആടുമോഷ്ടാക്കളെ പിന്തുടർന്ന പൊലീസ് ഇൻസ്പെക്ടറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അടക്കം നാലുപേർ പിടിയിൽ. പത്തും പതിനേഴും വയസ്സുള്ള കുട്ടികളും പിടിയിലായവരിൽ ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ ഒരു 19 കാരനും ഉൾപ്പെടുന്നു. 

പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂർ റെയിൽവേ ഗേറ്റിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. തിരുച്ചിറപ്പള്ളി നാവൽപ്പട്ട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ  സി ഭൂമിനാഥൻ ആണ് (50) കൊല്ലപ്പെട്ടത്. ബൈക്ക് പട്രോളിങ്ങിനിടെയാണ് നാവൽപ്പട്ടിനു സമീപം രാത്രി രണ്ടുപേർ ഇരുചക്ര വാഹനത്തിൽ ആടിനെ മോഷ്ടിച്ചുപോകുന്നത് കാണുന്നത്. 

പ്രദേശത്ത് ആടുമോഷണം പതിവായതിനാൽ ഇവരെ പിടികൂടാൻ ഭൂമിനാഥനും മറ്റൊരു പൊലീസുകാരനും ബൈക്കിൽ രണ്ടുവഴികളിലായി പിന്തുടർന്നു. വേഗത്തിൽപ്പോയ മോഷ്ടാക്കൾ തിരുച്ചിറപ്പള്ളി കടന്ന് പുതുക്കോട്ട ജില്ലയിലേക്ക് കടന്നു. പിന്തുടർന്ന ഭൂമിനാഥൻ കീരനൂരിനടുത്തുവെച്ച് ഇവരെ പിടികൂടി.

ഇതിനിടെ മോഷ്ടാക്കൾ മാരകായുധങ്ങളെടുത്ത് എസ് ഐയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ രക്ഷപ്പെട്ടു. പൊലീസെത്തുമ്പോൾ വെട്ടേറ്റ് മരിച്ചുകിടക്കുന്ന ഭൂമിനാഥനെയാണ് കാണുന്നത്. തുടർന്ന് പ്രതികളെ പിടികൂടാൻ നാല് പ്രത്യേക സംഘം രൂപവത്കരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. 

എസ്ഐ ഭൂമിനാഥന്റെ  മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കൊല്ലപ്പെട്ട ഭൂമിനാഥന് ഭാര്യയും കോളേജ് വിദ്യാർഥിയായ മകനുമുണ്ട്. കുടുംബത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com