സ്ത്രീധന തുക ഗേള്‍സ് ഹോസ്റ്റല്‍ പണിയാന്‍ നല്‍കാന്‍ വധു; ബ്ലാങ്ക് ചെക്ക് നല്‍കി അച്ഛന്‍, കരഘോഷം മുഴക്കി സദസ്സ്

സ്ത്രീധനം നല്‍കാനായി നീക്കിവെച്ചിരിക്കുന്ന പണം പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ പണിയുന്നതിന് ചെലവഴിക്കാന്‍ അച്ഛനോട് ആവശ്യപ്പെട്ട് വധു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: സ്ത്രീധനം നല്‍കാനായി നീക്കിവെച്ചിരിക്കുന്ന പണം പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ പണിയുന്നതിന് ചെലവഴിക്കാന്‍ അച്ഛനോട് ആവശ്യപ്പെട്ട് വധു. കല്യാണച്ചടങ്ങുകള്‍ക്ക് ശേഷം സദസ്സ് നോക്കിനില്‍ക്കേ അച്ഛന് എഴുതിയ കത്ത് പൂജാരി ഉറക്കെ വായിച്ചു. മകളുടെ ആഗ്രഹം കേട്ട് അതിഥികള്‍ കരഘോഷം മുഴക്കി അഭിനന്ദിച്ചു. ഇഷ്ടമുള്ള പണം എഴുതിയെടുത്തോള്ളാന്‍ പറഞ്ഞ് മകള്‍ക്ക് അച്ഛന്‍ ബ്ലാങ്ക്് ചെക്ക് നല്‍കി.

ബാര്‍മര്‍ നഗരത്തിലാണ് കല്യാണത്തിനിടെ അഞ്ജലി കാന്‍വാര്‍ അച്ഛനോട് വ്യത്യസ്തമായ ഒരു ആഗ്രഹം പ്രകടിപ്പിച്ചത്. കിഷോര്‍ സിങ്ങിന്റെ മകളായ അഞ്ജലിയും പ്രവീണ്‍ സിങ്ങുമായുള്ള വിവാഹം നവംബര്‍ 21നായിരുന്നു. കല്യാണത്തിന് തൊട്ടുമുന്‍പാണ് സ്ത്രീധനത്തിനായി നീക്കിവെച്ച തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ചെലവഴിക്കണമെന്ന ആഗ്രഹം മകള്‍ പ്രകടിപ്പിച്ചത്. കല്യാണ ചടങ്ങുകള്‍ക്ക് ശേഷം അഞ്ജലി, പൂജാരിയെ സമീപിച്ച് തന്റെ ആഗ്രഹം അടങ്ങിയ കത്ത് വായിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

ഇത് കേട്ട സദസ് എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി അഞ്ജലിയുടെ ആഗ്രഹത്തെ അഭിനന്ദിച്ചു. ഉടന്‍ തന്നെ അച്ഛന്‍ എത്രതുക വേണമെങ്കിലും എഴുതിയെടുത്തോ എന്ന് പറഞ്ഞ് ബ്ലാങ്ക് ചെക്ക് നല്‍കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ പണിയുന്നതിന് കിഷോര്‍ സിങ് ഇതിനോടകം തന്നെ ഒരു കോടി രൂപ സംഭാവനയായി നല്‍കിയിട്ടുണ്ട്. 

എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും  75 ലക്ഷം രൂപ കൂടി വേണം. അതിനിടെയാണ് സ്ത്രീധനമായി നല്‍കാന്‍ നീക്കിവെച്ച പണം ഹോസ്റ്റല്‍ പണിയാന്‍ നല്‍കണമെന്ന് മകള്‍ അച്ഛനോട് ആവശ്യപ്പെട്ടത്. പഠിക്കുന്ന സമയത്ത് തന്നെ കല്യാണത്തിന് സ്ത്രീധനം നല്‍കില്ലെന്ന് അഞ്ജലി  തീരുമാനിച്ചിരുന്നു. ഇതിനായി നീക്കിവെയ്ക്കുന്ന പണം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ചെലവഴിക്കുക എന്നതായിരുന്നു അഞ്ജലിയുടെ ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com