യുപി ഭവന് മുന്നില്‍ കിസാന്‍ സഭ മാര്‍ച്ചില്‍ സംഘര്‍ഷം; കൃഷ്ണപ്രസാദിനെ വലിച്ചിഴച്ച് പൊലീസ്, ഡി രാജ അടക്കം അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം. ഡല്‍ഹി യുപി ഭവനിലേക്ക് ആള്‍ ഇന്ത്യ കിസാന്‍ സഭ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പൊലീസ് വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റി. വാഹനത്തില്‍ നിന്നു വീണ കിസാന്‍ സഭ നേതാവ് കൃഷ്ണപ്രസാദിനെ വീണ്ടും വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റി. 

യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തു. അജോയ് ഭവനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് വഴിയില്‍ തടഞ്ഞു.സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, നേതാക്കളായ അതുല്‍കുമാര്‍ അഞ്ജാന്‍, ബിനോയ് വിശ്വം, ആനി രാജ, ഡോ. കെ നാരായണ, ഡല്‍ഹി സംസ്ഥാന സെക്രട്ടറി ദിനേഷ് ചന്ദ്ര വാഷ്‌ണെ, കെ പ്രകാശ്ബാബു, കെ പി രാജേന്ദ്രന്‍, എഐവൈഎഫ് ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ, കേരള സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. 

ബാരിക്കേഡ് മറികടക്കാനുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമവും പൊലീസ് തടഞ്ഞു. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ചണ്ഡീഗഡില്‍ ധര്‍ണ നടത്തിയ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദുവിനെ കസ്റ്റഡിയിലെടുത്തു. 

അതേസമയം, യുപി പൊലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിരാഹാര സമരത്തിലാണെന്നാണ് സൂചന. എസ്പി നേതാവ് അഖിലേഷ് യാദവിനെയും ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്രയെയും യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com