'ഇത് ബസ് സ്റ്റാന്‍ഡ് അല്ല, വിമാനത്താവളം'; തിങ്ങിനിറഞ്ഞ് യാത്രക്കാര്‍, പ്രതിഷേധം - വീഡിയോ 

ഉത്സവ സീസണ്‍ പ്രമാണിച്ച് മുംബൈ വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ കൂട്ടത്തോടെ ഒഴുകിയെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു
മുംബൈ വിമാനത്താവളത്തിലെ തിരക്ക്, ട്വിറ്റര്‍
മുംബൈ വിമാനത്താവളത്തിലെ തിരക്ക്, ട്വിറ്റര്‍

മുംബൈ: ഉത്സവ സീസണ്‍ പ്രമാണിച്ച് മുംബൈ വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ കൂട്ടത്തോടെ ഒഴുകിയെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. യാത്രക്കാര്‍ കൂട്ടത്തോടെ എത്തിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ ജീവനക്കാര്‍ ബുദ്ധിമുട്ടി. ക്യൂവില്‍ കുടുങ്ങിയതോടെ  നിരവധിപ്പേര്‍ക്ക് വിമാനയാത്ര മുടങ്ങി. സുരക്ഷാ പരിശോധന കണക്കിലെടുത്ത് നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്താന്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ യാത്രക്കാരോട് ആവശ്യപ്പെട്ടു.

ദീപാവലി,നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടത്. സമാനമായ തിരക്ക് മറ്റു വിമാനത്താവളങ്ങളിലും അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭീഷണി നിലനില്‍ക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധന കര്‍ക്കശമാക്കിയതും വിമാനത്താവളത്തില്‍ തിരക്ക് കൂടാന്‍ കാരണമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ ആളുകള്‍ കൂട്ടംകൂടിയത് ആശങ്കയും വര്‍ധിപ്പിച്ചു.

യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രതിഷേധിച്ചു. ഇരുണ്ട യുഗത്തിലാണ് കഴിയുന്നത് എന്നിങ്ങനെ പോകുന്നു പ്രതിഷേധം. സാങ്കേതികപ്രശ്‌നങ്ങള്‍ കാരണങ്ങള്‍ മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല, എവിടെയും ബഹളമയമാണ്, ജീവനക്കാര്‍ സഹകരിക്കുന്നില്ല തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് യാത്രക്കാര്‍ ഉന്നയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com