ആശിഷ് മിശ്ര ക്രൈംബ്രാഞ്ച് ഓഫീസില്‍ ; എത്തിയത് പിന്‍വാതില്‍ വഴി ; അറസ്റ്റ് ഉടന്‍ ? ( വീഡിയോ)

കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
ആശിഷ് മിശ്ര ക്രൈംബ്രാഞ്ച് ഓഫീസിലെത്തുന്നു / എഎന്‍ഐ
ആശിഷ് മിശ്ര ക്രൈംബ്രാഞ്ച് ഓഫീസിലെത്തുന്നു / എഎന്‍ഐ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നില്‍ ഹാജരായി. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിന്‍വശത്തെ ഗേറ്റ് വഴിയാണ് ആശിഷ് മിശ്ര ലഖിംപൂരിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. 

ആശിഷ് മിശ്രയെ ചോദ്യം ചെയ്യാനായി ഡിഐജി ഉപേന്ദ്ര അഗര്‍വാള്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ചോദ്യം ചെയ്യലിന് ശേഷം ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയുടെ അടുത്ത അനുചരന്മാരായ ആശിഷ് പാണ്ഡെ, ലവ് കുശ എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ലഖിംപൂര്‍ ഖേരിയില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ അടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസിലെ തെളിവുകളെല്ലാം സംരക്ഷിക്കാനും കോടതി ഉത്തര്‍പ്രദേശ് ഡിജിപിക്ക് നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com