ഡൽഹിയിലെ വെള്ളക്കെട്ട് / എഎൻഐ ചിത്രം
ഡൽഹിയിലെ വെള്ളക്കെട്ട് / എഎൻഐ ചിത്രം

ഉത്തരേന്ത്യയിലും കനത്തമഴ ; ഡല്‍ഹിയില്‍ വന്‍ വെള്ളക്കെട്ട് ; ചമോലിയില്‍ റെഡ് അലര്‍ട്ട് ; ബദരീനാഥ് യാത്ര നിര്‍ത്തിവെച്ചു

കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയവക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

ന്യൂഡല്‍ഹി : ഉത്തരേന്ത്യയിലും മഴ ശക്തമായി. ഇന്നലെ മുതല്‍ ഡല്‍ഹിയില്‍ അതിശക്തമായ മഴയാണ്. ഉത്തര്‍പ്രദേശിലെ മഥുര, അലിഗഡ്, ഹാഥ്‌രസ്, ആഗ്ര എന്നിവിടങ്ങളിലെല്ലാം ഇന്ന് കനത്ത മഴ പെയ്യുമെന്നാണ് അറിയിപ്പ്. ഛത്തീസ് ഗഡിലെ ചമോലി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ബദരീനാഥ് യാത്ര നിര്‍ത്തിവെച്ചു. 

ഡല്‍ഹിയില്‍ വെള്ളക്കെട്ട്

കനത്ത മഴയില്‍ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഗാസിപൂര്‍ പഴം പച്ചക്കറി മാര്‍ക്കറ്റില്‍ വെള്ളം കയറി. അതിശക്തമായ പേമാരിയെത്തുടര്‍ന്ന് ഗൗതം ബുദ്ധനഗറില്‍ ചീഫ് മെഡിക്കല്‍ ഓഫീസറിന്റെ വീടിന് സമീപം കനത്ത വെള്ളക്കെട്ടാണ്. ഇടിയോടു കൂടിയ കനത്ത മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

ഡല്‍ഹി, ഗുരുഗ്രാം, ഗൊഹാന, ഹോഡല്‍, ഔറംഗബാദ്, പല്‍വാല്‍, ഫരീദാബാദ്, ബല്ലഭ്ഗാര്‍ഹ്, പാനിപ്പത്ത്, സൊഹാന എന്നിവിടങ്ങളിലെല്ലാം അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

യുപിയില്‍ അതിശക്ത മഴ മുന്നറിയിപ്പ്

ഉത്തര്‍പ്രദേശില്‍ അടുത്ത മണിക്കൂറുകളില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍രെ മുന്നറിയിപ്പ്. ഗാര്‍ഹിമുക്തേശ്വര്‍, പിലാകുവ, സിക്കന്ദരാബാദ്, ജട്ടാരി, ഖുര്‍ജ, മൊറാദാബാദ്, തുണ്ട്‌ല, മഥുര, നഡ്ബായ്, ഭരത്പൂര്‍ എന്നിവിടങ്ങളിലെല്ലാം ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. 

ചമോലി ജില്ലയില്‍ റെഡ് അലര്‍ട്ട്

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതിന്‍രെ പശ്ചാത്തലത്തില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയവക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബദരിനാഥ് യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com