'രാത്രി ഒരു മണി വരെ കാത്തിരുന്നു' ; ഒരിക്കലും അവസാനിക്കാത്ത കഥയായി മാറരുത് ; യുപി സര്‍ക്കാരിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

അനന്തമായി അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : ലഖിംപൂര്‍ ഖേരിയില്‍ വാഹനം പാഞ്ഞുകയറി കര്‍ഷകര്‍ അടക്കം എട്ടുപേര്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസിനോട് സംസ്ഥാന സര്‍ക്കാരും പൊലീസും കാണിക്കുന്ന സമീപനത്തെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കേസന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥയായി മാറരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. 

ലഖിംപൂര്‍ സംഘര്‍ഷങ്ങളെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു യുപി സര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ കോടതി കടുത്ത അതൃപ്തി അറിയിച്ചത്. നിങ്ങള്‍ കാലുകള്‍ വലിക്കുകയാണെന്ന് കരുതുന്നു. കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേസിലെ അന്വേഷണ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി യു പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി നടപടികള്‍ ആരംഭിച്ച സമയത്തും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്

തല്‍സ്ഥിതി റിപ്പോര്‍ട്ടിനായി രാത്രി ഒരു മണി വരെ കാത്തിരുന്നു. എന്നാല്‍ ഒരു റിപ്പോര്‍ട്ടും ഫയല്‍ ചെയ്തില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിമര്‍ശിച്ചു. എന്നാല്‍ കോടതി നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് സത്യവാങ്മൂലം ഫയല്‍ ചെയ്തതായി യുപി സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. അവസാന നിമിഷം റിപ്പോര്‍ട്ട് കൈമാറിയതില്‍ ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു. വാദം കേള്‍ക്കുന്നതിന് തൊട്ടു മുമ്പ് റിപ്പോര്‍ട്ട് നല്‍കിയാല്‍ അതെങ്ങനെ വായിക്കുമെന്ന് കോടതി ചോദിച്ചു. ഒരു ദിവസം മുമ്പെങ്കിലും റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

കാലതാമസത്തിന് കാരണമെന്ത് ?

കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ 44 സാക്ഷികളാണ് ഉള്ളത്. ഇതില്‍ നാല് പേരെ മാത്രമാണ് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപെടുത്തിയത്. ബാക്കിയുള്ളവരുടെ രഹസ്യ മൊഴി രേഖപെടുത്താത്തത് എന്ത് കൊണ്ടാണെന്ന് സുപ്രീം കോടതി ആരാഞ്ഞു. ദസറ അവധിയായതിനാലാണ് മൊഴി രേഖപ്പെടുത്തുന്നത് വൈകിയതെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു. 

എന്താണ് കേസ് അന്വേഷണത്തിനു കാലതാമസത്തിനു പിന്നിലെ കാരണമെന്നും കേസില്‍ നിലവില്‍ എത്ര പേര്‍ കസ്റ്റഡിയിലുണ്ടെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. അടുത്ത ആഴ്ചക്കകം എല്ലാ സാക്ഷികളുടെയും രഹസ്യ മൊഴി രേഖപെടുത്താന്‍ കോടതി നിര്‍ദേശിച്ചു. അനന്തമായി അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജി ഇനി പരിഗണിക്കുന്ന ഒക്ടോബര്‍ 26 ന് മുമ്പായി പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി യുപി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com