യുപിയില്‍ പ്രിയങ്ക നയിക്കും ; തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പ്രകടനപത്രിക സാധാരണ ജനങ്ങളുടെ ശബ്ദമായിരിക്കുമെന്ന് സൽമാൻ ഖുർഷിദ് പറഞ്ഞു
പ്രിയങ്ക ഗാന്ധി / എഎന്‍ഐ ചിത്രം
പ്രിയങ്ക ഗാന്ധി / എഎന്‍ഐ ചിത്രം


ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിടാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മുന്നില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. യുപിയില്‍ പ്രിയങ്ക മുന്നില്‍ നിന്ന് നയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കുകയും ചെയ്തു. 

യുപിയില്‍ ആരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന്, വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മല്‍സരത്തിനിറങ്ങുമെന്ന് ഖുര്‍ഷിദ് പറഞ്ഞു. സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കാന്‍ അവര്‍ കഠിനപരിശ്രമമാണ് നടത്തുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രിയങ്ക പ്രഖ്യാപിക്കുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. 

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയുമായും സഖ്യം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സഖ്യം എന്നത് ഹൃദയത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. ഏതെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യത്തിന് ആഗ്രഹിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. 

കോണ്‍ഗ്രസ് പ്രകടനപത്രിക സാധാരണ ജനങ്ങളുടെ ശബ്ദമായിരിക്കും. പ്രകടനപത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷക പ്രശ്‌നം, സ്ത്രീ സുരക്ഷ തുടങ്ങിയവയ്ക്ക് പ്രധാന ഊന്നല്‍ നല്‍കും. ആരോഗ്യമേഖലയ്ക്കും പ്രധാന പരിഗണന നല്‍കും. 

അടുത്ത വര്‍ഷം ആദ്യം യുപിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 403 അംഗ അസംബ്ലിയില്‍ ബിജെപി 312 സീറ്റുകളിലാണ് വിജയിച്ചത്. സമാജ് വാദി പാര്‍ട്ടി 47 സീറ്റ് നേടിയപ്പോള്‍ ബിഎസ്പി 19 ഉം, കോണ്‍ഗ്രസ് ഏഴു സീറ്റുകളുമാണ് നേടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com