മോദി ഇന്ന് യുഎസിലേക്ക്, യുഎൻ പൊതുസഭയിലും ക്വാഡ് സമ്മേളനത്തിലും പങ്കെടുക്കും

24ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ബൈഡനുമായി മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി; നാലു ദിവസത്തെ യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു തിരിക്കും. യുഎൻ പൊതുസഭയിലും ക്വാഡ് സമ്മേളനത്തിലും പങ്കെടുക്കാനായാണ് മോദിയുടെ സന്ദർശനം. കോവിഡ് വ്യാപനത്തിനു ശേഷം മോദിയുടെ രണ്ടാമത്തെ വിദേശ സന്ദർശനമാണിത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതസംഘവും ഒപ്പമുണ്ട്. 

യുഎസിലെത്തിയ ഉടൻ കോവിഡ് സംബന്ധിച്ച ആഗോള സമ്മേളനത്തിൽ മോദി പങ്കെടുക്കുമെന്നു വിദേശകാര്യ സെക്രട്ടറി അറിയിച്ചു. 24ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ബൈഡനുമായി മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇരു നേതാക്കളും ചർച്ച ചെയ്തേക്കുമെന്ന് സൂചനയുണ്ട്. 

യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആപ്പിൾ സിഇഒ. ടിം കുക്ക്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. കോവിഡ് നിയന്ത്രണം, കാലാവസ്ഥാവ്യതിയാനം, ഇന്തോ-പസഫിക് പ്രശ്നം, ഭീകരവാദം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും. 

തുടർന്ന് വൈറ്റ്ഹൗസിൽ നടക്കുന്ന ആദ്യ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. നേരത്തേ വെർച്വലായി യോഗം ചേർന്നിരുന്നു. ഇന്ത്യ, അമേരിക്ക, ഓസ്​ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കു. ന്യൂയോർക്കിൽ യുഎൻ പൊതുസഭയുടെ 76–ാം സമ്മേളനത്തിൽ മോദിയുടെ പ്രസംഗം 25നാണ്. ഓസ്ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാരുമായി ന്യൂയോർക്കിൽ ഉഭയകക്ഷി ചർച്ചയും നടത്തുന്നുണ്ട്. 26ന് തിരിച്ചെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com