'ത്രിപുരമാലിനി മുതല്‍ ശാരദ ദേവി വരെ'; ഇന്ത്യയിലെ 51 ശക്തിപീഠങ്ങളുടെ കഥ, ഭാഗം- രണ്ട്

കശ്മീര്‍ മുതല്‍ തമിഴ്നാട് വരെയും ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ആദിപരാശക്തിയെ ആരാധിക്കുന്നു
കൊല്‍ക്കത്തയിലെ കാളിഘട്ട് കാളി ക്ഷേത്രം - പിടിഐ
കൊല്‍ക്കത്തയിലെ കാളിഘട്ട് കാളി ക്ഷേത്രം - പിടിഐ

ന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 ശക്തിപീഠങ്ങളാണ് സ്ഥിതി ചെയ്യുന്നത്. ശിവന്റെ അവതാരമായ കാലഭൈരവനും ആദിപരാശക്തിയുമാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ. വിഷ്ണുവിന്റെ സുദര്‍ശന ചക്രത്താല്‍ ഛേദിക്കപ്പെട്ട സതിയുടെ ശരീരഭാഗങ്ങള്‍ പതിച്ച സ്ഥലങ്ങളാണ് ശക്തി പീഠങ്ങള്‍. പശ്ചിമബംഗാളിലാണ് ഏറ്റവുമധികം ശക്തി പീഠങ്ങള്‍. ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാന്‍, നേപ്പാള്‍, തിബറ്റ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളിലായി ശക്തിപീഠങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. കശ്മീര്‍ മുതല്‍ തമിഴ്നാട് വരെയും ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ആദിപരാശക്തിയെ ആരാധിക്കുന്നു. 51 ശക്തിപീഠങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ രണ്ടാം ഭാഗം:

12. ത്രിപുരമാലിനി ദേവി ശക്തി പീഠം

പഞ്ചാബിലെ ജലന്ദറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാലഭൈരവന്റെ അവതാരമായ ഭിഷനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല.
മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നിങ്ങനെ മൂന്ന് ശക്തികള്‍ ചേര്‍ന്നതാണ് ഇവിടത്തെ പ്രതിഷ്ഠ. വസിഷ്ഠന്‍, വ്യാസന്‍, മനു, ജമദഗ്നി, പരശുരാമന്‍ എന്നീ മുനിമാര്‍ ത്രിപുരമാലിനി രൂപത്തില്‍ ആദിശക്തിയെ ആരാധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. തീര്‍ത്ഥാടകര്‍ വിശ്വസിക്കുന്നത് ഈ സ്ഥലത്ത് ആരെങ്കിലും അബദ്ധത്തില്‍ മരിക്കുകയാണെങ്കില്‍ നര്‍മ്മദ ശക്തി പീഠത്തിലെന്നപോലെ നേരിട്ട് സ്വര്‍ഗത്തിലേക്ക് പോകുമെന്നാണ്. 

ഒക്ടോബര്‍ -മാര്‍ച്ച് കാലയളവാണ് ക്ഷേത്രത്തില്‍ പോകാന്‍ ഉചിതമായ സമയം. അമൃതസറാണ് അടുത്തുള്ള വിമാനത്താവളം. ജലന്ദറാണ് ക്ഷേത്രത്തിലേക്ക് എളുപ്പം എത്താവുന്ന റെയില്‍വേ സ്റ്റേഷന്‍. 

13. മംഗള ഗൗരി ശക്തി പീഠം

ബിഹാറിലെ ഗയയിലാണ് ഈ ക്ഷേത്രം. കാല ഭൈരവന്റെ അവതാരമായ ഉമ മഹേശ്വരനാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി.
15 -ാം നൂറ്റാണ്ടിലെ ഈ ക്ഷേത്രത്തെ 18 അഷ്ടദശക്തി പീഠങ്ങളില്‍ ഒന്നായി ശങ്കരാചാര്യര്‍ കണക്കാക്കുന്നു.  മംഗളഗൗരി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തില്‍ പാണ്ഡവര്‍ അവരുടെ വനവാസ കാലത്ത് ശ്രാദ്ധം അനുഷ്ഠിച്ചിരുന്നു. സര്‍വ്വമംഗള ദേവി ഭക്തര്‍ക്ക് മൊത്തത്തിലുള്ള അഭിവൃദ്ധി നല്‍കുന്നു. 

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലം. ബോധ് ഗയയാണ് അടുത്തുള്ള വിമാനത്താവളം. 10 കിലോമീറ്ററാണ് ഇവിടെ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം. ഗയയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡും.

14. കോട്ടാരി ദേവി ശക്തി പീഠം

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭീമലോചനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. 
മതമോ ജാതിയോ നോക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യമാണ് ക്ഷേത്രത്തിനുണ്ടായിരുന്നത്. വിഭജനത്തിന് ശേഷമാണ് ഇതില്‍ മാറ്റം വന്നത്. ശ്രീകോവിലിനുള്ളില്‍, സിന്ദൂരം പൂശിയ ആകൃതിയില്ലാത്ത കല്ലാണുള്ളത്. ഭീമലോചനന്‍ ശിവന്റെ മൂന്നാമത്തെ കണ്ണാണ്. 

കറാച്ചിയാണ് അടുത്തുള്ള വിമാനത്താവളം. മഞ്ഞുകാലമാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുയോജ്യമായ സ്ഥലം.

15. ദേവിഗായത്രി ശക്തി പീഠം

രാജസ്ഥാന്‍ പുഷ്‌കര്‍ മണിബന്ദിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സതിദേവിയുടെ ഇരു കൈത്തണ്ട വീണ സ്ഥലമാണിത്. ഭൈരവന്റെ അവതാരമായ സര്‍വാനന്ദയാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. ഗായത്രിയാണ് പ്രതിഷ്ഠ. ഗായത്രി മന്ത്ര സാധനയ്ക്ക് അനുയോജ്യമായ സ്ഥലമായാണ് ഈ ക്ഷേത്രം കണക്കാക്കുന്നത്. ഗായത്രി കുന്നുകളുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ വലിയ തൂണുകള്‍ ദൈവികതയുടെ വാസ്തുവിദ്യാ മഹത്വത്തിന്റെ തെളിവാണ്. 

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം. ജയ്പൂരാണ് അടുത്തുള്ള വിമാനത്താവളം. ക്ഷേത്രത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. അജ്മീറാണ് തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.


16. ശിവാര്‍ക്കരൈ ശക്തി പീഠം

പാകിസ്ഥാനിലെ കറാച്ചിക്ക് സമീപമുള്ള കാര്‍വിപൂരിലാണ് ക്ഷേത്രം. കാലഭൈരവന്റെ അവതാരമായ ക്രോധിഷയെയാണ് ഈ ക്ഷേത്രത്തിന്റെ സംരക്ഷണത്തിന് ശിവന്‍ നിയോഗിച്ചത്. മറ്റ് പല പീഠങ്ങളിലുമെന്നപോലെ, മഹിഷാമര്‍ദിനി തന്നെയാണ് ഇവിടെയും ആധിപത്യം പുലര്‍ത്തുന്നത്. കോപാകുലനായ ശിവനാണ് ഇവിടെ ഇരിക്കുന്നത് എന്നാണ് സങ്കല്‍പ്പം. ദേവിയുടെ മൂന്ന് കണ്ണുകള്‍, മൂന്നാം കണ്ണ് ഉള്‍പ്പെടെയാണ് ഇവിടെ വീണതെന്ന് പുരാണം പറയുന്നു. 

ഏപ്രില്‍, ഒക്ടോബര്‍- നവംബര്‍ മാസങ്ങളാണ് ഇവിടെ സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയം. കറാച്ചിയാണ് അടുത്തുള്ള വിമാനത്താവളം. കറാച്ചിയില്‍ നിന്ന് 263 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. 

വടക്കുകിഴക്കന്‍

17. കാമാഖ്യാ ദേവി ശക്തി പീഠം

അസം ഗുവാഹത്തി കാമഗിരിയിലാണ് ക്ഷേത്രം. 51 ശക്തി പീഠങ്ങളില്‍ ഏറ്റവും ശക്തിയുള്ള ദേവി ഇവിടെയാണ് എന്നാണ് വിശ്വാസം. ഗുവാഹത്തിക്ക് സമീപം നിലാച്ചല്‍ കുന്നിലാണ് ക്ഷേത്രം നില്‍ക്കുന്നത്. ശ്രീകോവിലില്‍ വിഗ്രഹമില്ല. പകരം, ദേവിയുടെ യോനിയെ പ്രതിനിധാനം ചെയ്യുന്ന പാറയാണ് ആരാധിക്കുന്നത്. ഇതില്‍ നിന്ന് ഒഴുകുന്ന നീരുറവയ്ക്ക് അത്ഭുതകരമായ ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം. പതിനാറാം നൂറ്റാണ്ടില്‍ ആണ് കാമാഖ്യാക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. 

മൂന്ന് ദിവസത്തെ അമ്പുവച്ചി മേളയാണ് പ്രധാന ഉത്സവം. നവംബര്‍ മുല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയമാണ്. ഗുവാഹത്തിയാണ് അടുത്തുള്ള വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും

18. ജയന്തി ദേവി ശക്തി പീഠം

മേഘാലയിലെ ജയന്തിയ കുന്നുകളിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടതു തുട പതിച്ച സ്ഥലമാണ്. ക്രമാദീശ്വര്‍ രൂപത്തിലാണ് ഭൈരവന്‍ ക്ഷേത്രം സംരക്ഷിക്കുന്നത്. മഹാകാളിയുടെ ഉഗ്ര ഭാവത്തെ സതി ഉള്‍ക്കൊള്ളുന്ന ദേവി ജെയിന്തേശ്വരി എന്ന പേരിലാണ് ക്ഷേത്രം പ്രസിദ്ധമായത്.  ലോകത്തെ മുന്നോട്ട് നയിക്കുന്ന ശക്തിയാണ് ക്രമാദീശ്വരന്‍. നാശത്തിന്റെയും വിമോചനത്തിന്റെയും ദേവതയെന്ന നിലയില്‍, ത്യാഗത്തിലൂടെ മാത്രമേ ദേവിയെ പ്രസാദിപ്പിക്കാന്‍ സാധിക്കൂ. ദുര്‍ഗാ പൂജയുടെ സമയത്ത്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യമെന്ന നിലയില്‍ ആടുകളെ ഇവിടെ ബലിയര്‍പ്പിക്കുന്നു. 

മാര്‍ച്ച്- ജൂണ്‍ കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം. ഷില്ലോങ്ങ് ആണ് അടുത്തുള്ള വിമാനത്താവളം. ഗുവാഹത്തിയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

19. ദേവി ത്രിപുര സുന്ദരി ശക്തി പീഠം

ത്രിപുരയിലെ ഉദയ്പൂരിലാണ് ക്ഷേത്രം. സതിദേവിയുടെ വലതു കാലാണ് ഇവിടെ പതിച്ചത്. ത്രിപുരേഷ് എന്ന അവതാരം പൂണ്ട ഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. ആമയുടെ സാമ്യമുള്ള കുന്നിന്‍ മുകളില്‍  കല്യാണ്‍സാഗര്‍ തടാകത്തിന് അഭിമുഖമായാണ് ത്രിപുര സുന്ദരി ക്ഷേത്രം. താന്ത്രികാ പാരമ്പര്യത്തില്‍ കാമാഖ്യ ദേവിയുമായി അടുത്ത ബന്ധമുണ്ട്. 

ത്രിപുര സുന്ദരി ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ ചുവന്ന നിറത്തിലുള്ള കറുത്ത കാശി കല്ലില്‍ നിര്‍മ്മിച്ച ദേവിയുടെ രണ്ട് വിഗ്രഹങ്ങള്‍ ഉണ്ട്. അവയെ ത്രിപുര സുന്ദരിയും ഛോതിമയും എന്ന് വിളിക്കുന്നു. കുന്നിന് ആമയുടെ ആകൃതി കാരണം, ക്ഷേത്രം കൂര്‍മപിഠ എന്നും അറിയപ്പെടുന്നു.2019 ഒക്ടോബര്‍ വരെ മൃഗബലി ആചാരമായിരുന്നു. ഉദയ്പൂരിലെ മുസ്ലീങ്ങള്‍ അവരുടെ ആദ്യത്തെ വിളയും പാലും ദേവിക്ക് സമര്‍പ്പിക്കുന്നു. ത്രിപുരയിലെ ആദിവാസി സമൂഹങ്ങളും ദേവിയെ ആരാധിക്കുന്നു.

ദീപാവലിയാണ് ഇവിടത്തെ മുഖ്യ ഉത്സവം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ ഇവിടെ സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയമാണ്. അഗര്‍ത്തലയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ക്ഷേത്രത്തില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. ഉദയ്പൂരാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 

ഇന്ത്യയുടെ മധ്യഭാഗം

20. ദേവി അവന്തി ശക്തി പീഠം

മധ്യപ്രദേശ് ഉജ്ജയിന്‍ ഭൈരവ് പര്‍വതിലാണ് ക്ഷേത്രം. സതിദേവിയുടെ കൈമുട്ട് വീണ സ്ഥലമാണിത്. ലംബകര്‍ണനാണ് മറ്റൊരു ആരാധനാമൂര്‍ത്തി. 5000 വര്‍ഷം പഴക്കമുണ്ട് ക്ഷേത്രത്തിന്. ഷിപ്ര നദീതീരത്താണ് പീഠം സ്ഥിതി ചെയ്യുന്നത്. ആദി ശങ്കരാചാര്യരുടെ അഷ്ടദശ ശക്തി പീഠ സ്ത്രോതത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ ശാക്ത പാരമ്പര്യത്തില്‍ ആരാധിക്കപ്പെടുന്ന 18 പ്രാഥമിക അഷ്ടദശ പീഠങ്ങളില്‍ ഒന്നാണ് ക്ഷേത്രം. 

അവന്തി മായയെ മഹാകാളിയായി ആരാധിക്കുന്നു. ദേവി നാവ് നീട്ടിയിരിക്കുന്ന രൂപത്തിലാണ് വിഗ്രഹം. കവിയുടെ നാവിന്മേല്‍ കുമാരസംഭവം എഴുതിയപ്പോള്‍ കാളിദാസന്‍ തന്റെ അറിവുകള്‍ക്ക് അവന്തി മായയോട്  നന്ദി പറഞ്ഞതായാണ് വിശ്വാസം. 

കുംഭമേളയുടെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ ക്ഷേത്രത്തില്‍ നടന്നുവരുന്നു. ശിവരാത്രിയും നവരാത്രിയുമാണ് ക്ഷേത്രത്തിലെ മറ്റു ഉത്സവങ്ങള്‍. ഒക്ടോബര്‍- മാര്‍ച്ച് കാലയളവാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഉചിതമായ സമയം. ഇന്‍ഡോറാണ് അടുത്തുള്ള വിമാനത്താവളം. ഉജ്ജയിനാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

21. കല്‍മാധവ് ദേവി ശക്തി പീഠം


മധ്യപ്രദേശ് ഷഹദോള്‍ ജില്ലയിലെ അമര്‍കന്തകിലാണ് ക്ഷേത്രം. ഭൈരവ അവതാരമായ അഷിതാണ്ഡമാണ് മറ്റൊരു ആരാധനാമൂര്‍ത്തി. 

മൂന്ന് കണ്ണുകളുള്ള, ഇരുണ്ട നിറമുള്ള ശക്തി കാളിയാണ് അമര്‍കന്തകിലെ പ്രതിഷ്ഠ. യുദ്ധത്തിന് എപ്പോഴും തയ്യാറായ ഭയങ്കര രൂപം. വിഗ്രഹം എപ്പോഴും തിളങ്ങുന്ന ചുവന്ന തുണിയില്‍ പൊതിഞ്ഞിരിക്കുന്നു. ദേവിയെ 'കല്‍മാധവ' എന്നും വിളിക്കുന്നു. 

കവികളുടെയും എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും ദൈവമാണ് അസീതാംഗ ഭൈരവന്‍. അവന്‍ വിശ്വാസികളുടെ സൃഷ്ടിപരമായ കഴിവ് വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് പ്രശസ്തിയും വിജയവും നല്‍കുകയും ചെയ്യുന്നു. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ബുണ്ടേല്‍ഖണ്ഡിലെ സൂര്യവംശി രാജാവായ സാമ്രാട്ട് മന്ധാതയാണ് 100 ചുവടുകളുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചത്. സത്പുര, വിന്ധ്യ പര്‍വതനിരകള്‍ ചേരുന്നത് ഇവിടെയാണ്.

നവരാത്രി, ദീപാവലി തുടങ്ങി വിശേഷ ദിവസങ്ങളാണ് ഇവിടെ പ്രധാനം. ഒക്ടോബര്‍- മാര്‍ച്ച് കാലയളവിലാണ് ഇവിടെ ദര്‍ശനം നടത്താന്‍ ഉചിതമായ സമയം. ജബല്‍പൂരാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും

22. ശാരദ ദേവി ശക്തി പീഠം  

മധ്യപ്രദേശ് സത്ന മൈഹാറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാല ഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. 1,063 പടികള്‍ കയറുകയോ റോപ് വേ ഉപയോഗിക്കുകയോ ചെയ്താല്‍ ത്രികൂട മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ എത്തിച്ചേരാം. മായി (അമ്മ), ഹാര്‍ (നെക്ലേസ്) എന്നിവയുടെ സംയോജനമാണ് മൈഹാര്‍. ശാരദ ദേവിയ്ക്ക് സരസ്വതിയുമായി അടുത്ത ബന്ധമുണ്ട്. ആദിശങ്കരാചാര്യര്‍ക്ക് ഇവിടെ ഒരു ആരാധനാലയം ഉണ്ട്. മൈഹര്‍ ഘരാനയിലെ പ്രമുഖ സംഗീതജ്ഞന്‍ ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്‍ ഇവിടെ താമസിച്ചിരുന്നു. 

രാമനവമി, നവരാത്രി എന്നിവ ഇവിടെ വിശേഷപ്പെട്ട ദിവസങ്ങളാണ്. ഒക്ടോബര്‍- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. ജബല്‍പൂരാണ് അടുത്ത വിമാനത്താവളം.ക്ഷേത്രത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. 130 കിലോമീറ്റര്‍ അകലെയുള്ള ഖജുരാഹോയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള അലഹാബാദില്‍ നിന്നും വിമാനയാത്ര നടത്താം. മൈഹറാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com