ഇപ്പോഴത്തേത് സാമൂഹിക വ്യാപനം ; മൈക്രോ ലോക്ഡൗൺ, യാത്രാ നിയന്ത്രണം വേണ്ടി വരും ; മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 10:22 AM |
Last Updated: 05th April 2021 10:22 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ, രോഗവ്യാപനം തടയാൻ പ്രാദേശിക അടച്ചിടൽ (മൈക്രോ ലോക്ഡൗൺ), യാത്രാ നിയന്ത്രണം പോലുള്ള കടുത്ത നടപടികൾ വേണ്ടിവരുമെന്ന് ഡൽഹി എയിംസ് ആശുപത്രി ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. രോഗവ്യാപനം പുതിയ തന്ത്രം ആവിഷ്കരിച്ച് നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നത് സാമൂഹിക രോഗവ്യാപനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗവ്യാപനത്തിന് തടയിടാൻ തീവ്രയത്നം ആവശ്യമായുണ്ട്. കണ്ടെയൻമെന്റ് മേഖല, ലോക്ഡൗൺ പോലുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരും. കോവിഡ് രോഗവ്യാപനത്തിന് കടിഞ്ഞാൺ ഇടാനായില്ലെങ്കിൽ ചികിത്സാമേഖലയിൽ വീർപ്പുമുട്ടലുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ കോവിഡ് പ്രതിരോധ സംഘത്തിലെ പ്രധാന അംഗമാണ് ഡോ. രൺദീപ് ഗുലേറിയ.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്ത്യയില്‍ 1,03,558 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.
കഴിഞ്ഞ സെപ്റ്റംബര്‍ 16 ന് 97,894 പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായിരുന്നു ഏറ്റവും ഉയര്‍ന്ന കണക്ക്. ഇതാണ് മറികടന്നത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിരൂക്ഷമാകുകയാണ്.
നിലവില്‍ 7,41,830 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇന്നലെ 52,847 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,16,82,136 ആയി.
മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഢ്, ഡൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണർത്തും വിധം കേസുകൾ വർധിക്കുന്നത്. കൂടുതൽ കോവിഡ് രോഗികളുള്ള പത്തു ജില്ലകളിൽ എട്ടെണ്ണവും മഹാരാഷ്ട്രയിലാണ്.