15 രോഗികള്‍ മരണത്തോട് മല്ലടിക്കുന്നെന്ന് ഫോണ്‍ കോള്‍; ഓക്‌സിജന്‍ എത്തിച്ചുനല്‍കിയ എസ്‌ഐയ്ക്കും സംഘത്തിനും എതിരെ അന്വേഷണം

ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന മഹാരാഷ്ട്രയില്‍ ആശുപത്രിയിലേക്ക് അടിയന്തരമായി ഓക്‌സിജന്‍ എത്തിച്ചുനല്‍കിയ പൊലീസുകാര്‍ വെട്ടിലായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാഗ്പ്പൂര്‍: ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന മഹാരാഷ്ട്രയില്‍ ആശുപത്രിയിലേക്ക് അടിയന്തരമായി ഓക്‌സിജന്‍ എത്തിച്ചുനല്‍കിയ പൊലീസുകാര്‍ വെട്ടിലായി. നാഗ്പ്പൂരിലെ ജരിപത്ക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നിയമനടപടി വന്നത്. 

ഞായറാഴ്ച രാത്രി ആശുപത്രിയില്‍ നിന്ന് ഓക്‌സിജന്‍ തീര്‍ന്നതായി അറിയിച്ച് പൊലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ എത്തി. പതിനഞ്ച് കോവിഡ് രോഗികളുടെ നില അതീവ ഗുരുതരമാണെന്നും ഓക്‌സ്ജിന്‍ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കുമെന്നും വ്യക്തമാക്കിയായിരുന്നു ഫോണ്‍ കോള്‍. 

തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ മഹാദേവ് നയിക്‌വാദെയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഓക്‌സിജന്‍ സിലിണ്ടര്‍ തപ്പിയിറങ്ങി. 
ഒരു ഓക്‌സിജന്‍ പ്ലാന്റിലെത്തിയ പൊലീസ്് സംഘം അടിയന്തരമായി ഓക്‌സിജന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബന്ധപ്പെട്ട അധികൃതരുടെ കത്തില്ലാതെ ഓക്‌സിജന്‍ നല്‍കാന്‍ സാധിക്കില്ല എന്നായിരുന്നു പ്ലാന്റ് ഉടമകളുടെ നിലപാട്. ഒടുവില്‍ എസ്‌ഐയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഏഴ് സിലിണ്ടറുകള്‍ നല്‍കി. ഇത് ആശുപത്രിയില്‍ എത്തിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ പതിനഞ്ചു രോഗികളുടെയും ജീവന്‍ രക്ഷിച്ചു. 

എന്നാല്‍ തിങ്കളാഴ്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബലം പ്രയോഗിച്ചാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുപോയത് എന്ന് കാണിച്ചാണ് എസ്‌ഐയ്ക്കും സംഘത്തിനും എതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com