ജഡ്ജിമാര്‍ക്കും കുടുംബത്തിനും പഞ്ചനക്ഷത്ര ഹോട്ടലില്‍ കോവിഡ് സെന്റര്‍, കെജരിവാള്‍ സര്‍ക്കാരിന്റെ ഉത്തരവ്

ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രത്യേക കോവിഡ് കെയര്‍ സെന്റര്‍ സജ്ജീകരിച്ച് ഡല്‍ഹി സര്‍ക്കാര്‍
അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം
അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രത്യേക കോവിഡ് കെയര്‍ സെന്റര്‍ സജ്ജീകരിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഫൈവ് സ്റ്റാര്‍ ഹോട്ടലായ അശോക ഹോട്ടലാണ് ജഡ്ജിമാര്‍ക്ക് വേണ്ടി കോവിഡ് കെയര്‍ സെന്റര്‍ ആക്കുന്നത്. ഹോട്ടലിലെ നൂറു റൂമുകളിലാണ് ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി.

അശോക ഹോട്ടല്‍ കോവിഡ് കെയര്‍ സെന്ററാക്കിയതായി ചാണക്യപുരി സബ് കല്ക്ടര്‍ ഗീത ഗ്രോവര്‍ ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. പ്രൈമസ് ആശുപത്രിയാണ് സെന്ററിലെ ചികിത്സ സംവിധാനങ്ങള്‍ നിയന്ത്രിക്കുക. കോവിഡ് കെയര്‍ സെന്ററിലേക്ക് ആശുപത്രി സ്റ്റാഫുകളെ വിട്ടുനല്‍കും. ചികിത്സയ്ക്കുള്ള തുക പ്രൈമസ് ആശുപത്രിക്ക് ഈടാക്കാം. ഹോട്ടലിന് വാടക നല്‍കേണ്ടത് ആശുപത്രിയാണെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് ചികിത്സയ്ക്ക് റേറ്റ് തീരുമാനിച്ച ശേഷം, പ്രൈമസ് ആശുപത്രിക്ക് ഡോക്ടര്‍മാരേയും നഴ്‌സുമാരേയും മറ്റ് പാരാ മെഡിക്കല്‍ സ്റ്റാഫുകളെയും കോവിഡ് കെയര്‍ സെന്ററില്‍ നിയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു. 

ആശുപത്രികളില്‍ ചികിത്സാ സഹായമില്ലാതെ ജനങ്ങള്‍ പരക്കംപായുമ്പോഴാണ്, ജഡ്ജിമാര്‍ക്കും ഹൈക്കോടതി ഉദ്യോഗസ്ഥര്‍ക്കും മാത്രമായി സര്‍ക്കാര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ കോവിഡ് കെയര്‍ സെന്ററാക്കിയിരിക്കുന്നത്. 

ചികിത്സ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ചും ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com