കർഫ്യൂ ലംഘിച്ച് രാത്രിയിൽ വിവാഹമേളം, വരനെയടക്കം കൈയേറ്റം ചെയ്ത്‌ കളക്ടറുടെ ഷോ; ഒടുവിൽ മാപ്പ് പറച്ചിൽ 

പരിപാടിയിലേക്ക് ഇരച്ചെത്തിയ കളക്ടർ അതിഥികളെ കയ്യേറ്റം ചെയ്യുകയും വരനെ പിടിച്ചുതള്ളുകയും ചെയ്തു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

അഗർത്തല: ത്രിപുരയിൽ രാത്രി കർഫ്യു ലംഘിച്ചു നടന്ന വിവാഹച്ചടങ്ങിൽ കളക്ടറും സംഘവും നടത്തിയ പരിശോധന വിവാ‍ദമായി. പരിപാടിയിലേക്ക് ഇരച്ചെത്തിയ കളക്ടർ അതിഥികളെ കയ്യേറ്റം ചെയ്യുകയും വരനെ പിടിച്ചുതള്ളുകയും ചെയ്തു.  വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഒടുവിൽ കളക്ടർ മാപ്പ് പറഞ്ഞ് തടിയൂരി. ‌വെസ്റ്റ് ത്രിപുര കളക്ടർ ശൈലേഷ് കുമാർ യാദവിന്റെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും അരങ്ങേറിയത്. 

ത്രിപുരയിലെ മാണിക്യ കോർട്ടിൽ നടന്ന വിവഹത്തിലായിരുന്നു വിവാദ സംഭവങ്ങൾ അരങ്ങേറിയത്. ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാർ പിന്നീട് പറഞ്ഞു. രാത്രി പത്തുമണി കഴിഞ്ഞിട്ടും വിവാഹാഘോഷങ്ങൾ നടക്കുമ്പോഴാണ് കലക്ടറും പൊലീസുകാരും സ്ഥലത്തെത്തിയത്.  വധൂവരന്മാരെയും കുടുംബാംഗങ്ങളെയും വിളിച്ച് ശകാരിച്ച അദ്ദേഹം മറുപടി പറയാൻ ശ്രമിച്ച വരനെ പിടിച്ചുതള്ളി. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

കോവിഡ് വ്യാപനത്തെ തുടർന്ന് അഗർത്തല മുനിസിപ്പൽ കൗൺസിൽ പരിധിയിൽ രാത്രി പത്ത് മണി മുതൽ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹത്തിന് അധികൃതരിൽ നിന്ന് പ്രത്യേക‌ അനുമതി വാങ്ങിയ കത്ത് ബന്ധുക്കൾ കാണിക്കാൻ ശ്രമിച്ചപ്പോൾ കളക്ടർ അത് വാങ്ങി വലിച്ചെറിയുന്നതും വിഡിയോയിലുണ്ട്.

സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചീഫ് സെക്രട്ടറി മനോജ് കുമാറിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ മാപ്പ് പറച്ചിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com