യെഡിയൂരപ്പയുടെ 'ഡിമാന്‍ഡ്' തള്ളി, മകനെ ഉപമുഖ്യമന്ത്രിയാക്കില്ല ; ബൊമ്മെ മന്ത്രിസഭ ഇന്ന് വികസിപ്പിക്കും ; 29 മന്ത്രിമാര്‍

യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരാണ് ഉണ്ടായിരുന്നത്
മുഖ്യമന്ത്രി ബൊമ്മെ, സമീപം യെഡിയൂരപ്പ / ഫയല്‍ ചിത്രം
മുഖ്യമന്ത്രി ബൊമ്മെ, സമീപം യെഡിയൂരപ്പ / ഫയല്‍ ചിത്രം

ബംഗലൂരു : കര്‍ണാടകയില്‍ മുന്‍മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ മകന്‍ ഉപമുഖ്യമന്ത്രിയാകില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ ഇന്ന് വികസിപ്പിക്കും. ഉച്ചയ്ക്ക് 2.15 ന് രാജ്ഭവനിലാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. 

കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി കേന്ദ്രനേതൃത്വമാണ് മന്ത്രിമാരെ നിശ്ചയിച്ചത്. 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ജൂലൈ 28 ന് ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും മന്ത്രിസഭാ വികസനം നീണ്ടു പോകുകയായിരുന്നു. 

മകന്‍ ബി വൈ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണം എന്നതായിരുന്നു മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതിന് ബി എസ് യെഡിയൂരപ്പ ബിജെപി കേന്ദ്രനേതൃത്വത്തിന് മുന്നില്‍ വെച്ച ഒരു ഡിമാന്‍ഡ്. എന്നാല്‍ ഈ ആവശ്യം കേന്ദ്രനേതൃത്വം തള്ളിയെന്നാണ് സൂചന. അതേസമയം വിജയേന്ദ്രയെ മന്ത്രിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 

വിജയേന്ദ്രയുടെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വമാണ് അന്തിമ തീരുമാനം എടുക്കുക. പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന മന്ത്രിസഭയാകും നിലവില്‍ വരിക. മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം യെഡിയൂരപ്പയുമായി സംസാരിച്ചിരുന്നു. ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് തര്‍ക്കമൊന്നും നിലവിലില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. 

യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരാണ് ഉണ്ടായിരുന്നത്. അതേസമയം മന്ത്രിസ്ഥാനം ലഭിക്കാതെ പോകുന്ന എംഎല്‍എമാര്‍ പുതിയ കലാപം സൃഷ്ടിച്ചാല്‍ അത് നേരിടുന്നതായും ബൊമ്മെ നേരിടുന്ന അടുത്ത വെല്ലുവിളി. വിജയേന്ദ്രയെ തഴഞ്ഞതില്‍ യെഡിയൂരപ്പയുടെ നിലപാടും സംസ്ഥാന ബിജെപിയില്‍ നിര്‍ണായകമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com