പഠിക്കാന്‍ നിര്‍ബന്ധിച്ചു; പതിനഞ്ചുകാരി അമ്മയെ കഴുത്തുഞെരിച്ചു കൊന്നു

പഠിക്കാന്‍ നിര്‍ബന്ധിച്ചു; പതിനഞ്ചുകാരി അമ്മയെ കഴുത്തുഞെരിച്ചു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: പഠിക്കാന്‍ നിര്‍ബന്ധിച്ചതിന് പതിനഞ്ചുകാരി അമ്മയെ കഴുത്തുഞെരിച്ചു കൊന്നു. കരാട്ടെ ബെല്‍റ്റ് ഉപയോഗിച്ചു കഴിത്തു മുറുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നീറ്റ് പരീക്ഷയ്ക്കു പഠിക്കാനാണ് അമ്മ മകളെ നിരന്തരമായി നിര്‍ബന്ധിച്ചിരുന്നത്. കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ അമ്മ എതിര്‍ത്തിരുന്നു. 

നവി മുംബൈയിലാണ് സംഭവം. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോള്‍ നാല്‍പ്പത്തിരണ്ടുകാരിയായ സ്ത്രീ ബോധരഹിതയായി കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെല്‍റ്റ് കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയാണ് കൊലപാതകം ചെയ്തതെന്ന് വ്യക്തമായത്.

പഠിക്കാന്‍ നിരന്തരം അമ്മ പറയുന്നതില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഫോണ്‍ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഒടുവില്‍ പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലേക്ക് പോയി. കൂട്ടാനെത്തിയെ അമ്മയുമായി പെണ്‍കുട്ടി വഴക്കിട്ടു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് പ്രശ്‌നം അവസാനിപ്പിച്ചത്.

ജൂലൈ 30ന് പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് അമ്മയും മകളും തമ്മില്‍ വീണ്ടും ബഹളമുണ്ടായി. അമ്മ പെണ്‍കുട്ടിയെ അടിക്കുകയും കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭയന്ന പെണ്‍കുട്ടി അമ്മയെ തള്ളിയിട്ടശേഷം കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. അതിനുശേഷം അമ്മ വാതില്‍തുറക്കുന്നില്ലെന്ന് അച്ഛനും അമ്മാവനും മെസേജ് അയയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലാക്കിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com