അഫ്ഗാനില്‍ അടിയന്തര ഒഴിപ്പിക്കല്‍ ; 46 പേരുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് ; വിദേശകാര്യമന്ത്രാലയം ഹെല്‍പ്‌ഡെസ്‌ക് തുറന്നു

അഫ്ഗാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ സഹായവും കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യ അടിയന്തര ഒഴിപ്പിക്കല്‍ ആരംഭിച്ചു. സി-17 വ്യോമസേന വിമാനം കാബൂളില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. 46 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉള്ളത്. മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ 48 മണിക്കൂറിനകം നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

നിലവില്‍ എംബസി ഉദ്യോഗസ്ഥരും ഇന്ത്യന്‍ പൗരന്‍മാരുമടക്കം അഞ്ഞൂറില്‍ അധികം പേര്‍ കാബൂളിലുള്ളതായാണ് റിപ്പോര്‍ട്ട്. ജനത്തിരക്കിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ച കാബൂള്‍ വിമാനത്താവളം തുറന്നു. സൈനിക, യാത്രാ വിമാനങ്ങള്‍ക്ക് ഭാഗികമായി അനുമതി നല്‍കിയിട്ടുണ്ട്. 

അടിയന്തരഘട്ടം നേരിടാന്‍ സജ്ജമായിരിക്കാന്‍ വ്യോമസേനയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഫ്ഗാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ സഹായവും കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട്. താലിബാനുമായി ബന്ധപ്പെടാനും ഇന്ത്യന്‍ എംബസി ശ്രമിക്കുന്നുണ്ട്. 

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന്‍ സെല്ല് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്റെ ലക്ഷ്യം. +919717785379 എന്ന ഫോണ്‍ നമ്പറിലും MEAHelpdeskIndia@gmail.com എന്ന മെയില്‍ ഐഡിയിലും സഹായം ആവശ്യപ്പെടാം.

അഫ്ഗാനിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കാബൂളില്‍ നിന്ന് മറ്റു യാത്രാ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയാല്‍ അഫ്ഗാനിലെ ഹിന്ദു, സിഖ് മതവിശ്വാസികള്‍ക്കു മുന്‍ഗണന നല്‍കും. അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com