കാബൂളിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിച്ചു ; 120 നയതന്ത്ര ഉദ്യോഗസ്ഥരുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് 

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന്‍ സെല്ല് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തുറന്നു
ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്തേക്ക് കൊണ്ടു വരാന്‍ നടപടി തുടങ്ങി. കാബൂളിലെ അംബാസഡറെയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

120 ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ സി-17 വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സുരക്ഷിതമായി ഇന്നലെ വൈകീട്ടോടെ വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. 

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയവും വിലയിരുത്തി. ഇന്ത്യയിലേക്ക് അടിയന്തരമായി പ്രവേശിക്കുന്നതിന് ഇ-എമര്‍ജന്‍സി എക്‌സ് മിസ്‌ക് വിസ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 

അടിയന്തരഘട്ടം നേരിടാന്‍ സജ്ജമായിരിക്കാന്‍ വ്യോമസേനയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഫ്ഗാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ സഹായവും കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട്. താലിബാനുമായി ബന്ധപ്പെടാനും ഇന്ത്യന്‍ എംബസി ശ്രമിക്കുന്നുണ്ട്. 

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന്‍ സെല്ല് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്റെ ലക്ഷ്യം. +919717785379 എന്ന ഫോണ്‍ നമ്പറിലും MEAHelpdeskIndia@gmail.com എന്ന മെയില്‍ ഐഡിയിലും സഹായം ആവശ്യപ്പെടാം.

അതിനിടെ, അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഏറിയ പങ്കും ഐഎസ്, അല്‍ഖായിദ തീവ്രവാദികളാണ്. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസ്സില്‍ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com