ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ സമ്മതം തന്നെ; ഹൈക്കോടതി

ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ സമ്മതം തന്നെ; ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ അത് സമ്മതപ്രകാരമായിരുന്നുവെന്ന് കണക്കാക്കേണ്ടി വരുമെന്ന് കോടതി. ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീല്‍ പരിഗണിക്കവേ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജസ്റ്റിസ് ആര്‍ പൊങ്ങിയപ്പന്റേതാണ് നിരീക്ഷണം. 

സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 21 വയസും ഇരയ്ക്ക് 19ഉം വയസായിരുന്നു പ്രായം. ഇരുവരും ഒരു ഗ്രാമത്തില്‍ തന്നെയാണ് കഴിഞ്ഞിരുന്നതും. ഒരു വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. എന്നാല്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിച്ചുവെന്നാണ് ഇരയുടെ ആരോപണം. പരാതി നല്‍കുമ്പോള്‍ ഇരയായ യുവതി ഗര്‍ഭിണിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുവാവിനെ 2016 ല്‍ കോടതി 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

പിന്നാലെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ച് ശിക്ഷ റദ്ദാക്കിയാണ് ജസ്റ്റിസ് പൊങ്ങിയപ്പന്റെ ഈ നിരീക്ഷണങ്ങള്‍. ഇരയും പ്രതിയും പ്രണയത്തിലായിരുന്നുവെന്നും പ്രതി അവളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ശാരീരിക ബന്ധം തുടര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം നടന്ന് രണ്ടര മാസം കഴിഞ്ഞപ്പോള്‍ മാത്രമാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും ജഡ്ജി പറഞ്ഞു. വിവാഹം കഴിക്കില്ലെന്ന് കണ്ടപ്പോള്‍ മാത്രമാണ് ഇര പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

'പ്രതി ആദ്യമായി ലൈംഗികാതിക്രമം നടത്തിയപ്പോള്‍ ഇര ചെറുത്തുനില്‍പ്പ് ഉയര്‍ത്താത്തത് മുന്‍കൂര്‍ സമ്മതത്തിന് തുല്യമാണ്. പെണ്‍കുട്ടി നല്‍കിയ സമ്മതം വസ്തുതാപരമായ തെറ്റിദ്ധാരണയായി കണക്കാക്കാനുമാവില്ല'- ജസ്റ്റിസ് വ്യക്തമാക്കി. പരാതിയുടെ പകര്‍പ്പും ഡോക്ടറുടെ റിപ്പോര്‍ട്ടും സംബന്ധിച്ച് ചില സംശയങ്ങള്‍ ഉന്നയിച്ച അദ്ദേഹം  ശിക്ഷ റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com