കേരളത്തില്‍ കോവിഡ് വ്യാപനം കുറയാന്‍ ഏക വഴി ലോക്ക്ഡൗണ്‍: കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2021 03:27 PM  |  

Last Updated: 29th August 2021 03:27 PM  |   A+A-   |  

covid situation in kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം കുറയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക മാത്രമാണ് വഴിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ സെപ്റ്റംബര്‍ 15ഓടേ കേരളത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ പകുതിയിലധികവും കേരളത്തിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് 15 ശതമാനമായിരുന്ന ടിപിആര്‍ 19ല്‍ എത്തിനില്‍ക്കുകയാണ്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ മാത്രമാണ് ഏക പോംവഴിയെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നു.

ഡല്‍ഹിയ്ക്ക് സമാനമായി വ്യാപനം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ വഴി സാധിക്കും. കേരളത്തില്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ രണ്ടാഴ്ച കൊണ്ട് സ്ഥിതിഗതികള്‍ മെച്ചപ്പെടും. കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്ത് മെച്ചപ്പെട്ട പദ്ധതി ആസൂത്രണം ചെയ്യണം. ലോക്ക്ഡൗണ്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഉത്സവസീസണ്‍ കണക്കിലെടുത്ത് നൈറ്റ് കര്‍ഫ്യൂ പോലുള്ള മാര്‍ഗങ്ങള്‍ ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

വാക്‌സിനേഷന്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിവച്ചവരുടെ എണ്ണം 60 ശതമാനം കടക്കും. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതും സിറോ സര്‍വ്വേയില്‍ പ്രതിഫലിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.