'അടുത്ത പോസ്റ്ററില്‍ നെഹ്‌റുവുണ്ട്'; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ പോസ്റ്ററില്‍നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി എന്ന ആരോപണം അനാവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍
ഐ.സി.എച്ച്.ആര്‍ വെബ്‌സൈറ്റിലെ പോസ്റ്റര്‍ 
ഐ.സി.എച്ച്.ആര്‍ വെബ്‌സൈറ്റിലെ പോസ്റ്റര്‍ 

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ പോസ്റ്ററില്‍നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി എന്ന ആരോപണം അനാവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇനി പുറത്തിറങ്ങാനിരിക്കുന്ന പോസ്റ്ററുകളില്‍ നെഹ്‌റുവിനെ ചിത്രീകരിക്കുന്നുണ്ടെന്നും ചരിത്ര കൗണ്‍സില്‍ വിശദീകരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ വെബ്‌സൈറ്റില്‍ കൊടുത്ത പോസ്റ്ററില്‍ നെഹ്‌റുവിനെ ഒഴിവാക്കിയതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കൗണ്‍സിലിന്റെ വിശദീകരണം.

സ്വാതന്ത്ര്യസമരത്തില്‍ ആരുടേയും പങ്ക് കുറച്ചു കാട്ടാനുദ്ദേശിച്ചിരുന്നില്ലെന്നും ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ഒട്ടേറെ പോസ്റ്ററുകളില്‍ ഒന്ന് മാത്രമാണിതെന്നും ചരിത്ര കൗണ്‍സില്‍ വൃത്തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്വതന്ത്ര സ്ഥാപനമാണ് ഐ.സി.എച്ച്.ആര്‍.

ഐ.സി.എച്ച്.ആര്‍ പോസ്റ്ററില്‍ മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ബി ആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. രാജേന്ദ്ര പ്രസാദ്, മദന്‍ മോഹന്‍ മാളവ്യ, സവര്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തുകയും നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കുകയും ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. 

വിദ്വേഷത്തിനും മുന്‍ധാരണകള്‍ക്കും കൗണ്‍സില്‍ വഴങ്ങുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ആരോപിച്ചു. മോട്ടോര്‍ കാറിന്റെ ജന്മദിനാഘോഷം നടത്തുമ്പോള്‍ ഹെന്റി ഫോഡിനെയും വിമാനങ്ങളുടെ ജന്മദിനാഘോഷങ്ങള്‍ക്ക് റൈറ്റ് സഹോദരന്മാരെയും ഒഴിവാക്കുമോ എന്ന് അദ്ദേഹം പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com