പോത്ത് ചത്തത് ബന്ധുക്കളുടെ മന്ത്രവാദം കാരണമെന്ന് സംശയം; ആറുവയസുകാരനെ കൊലപ്പെടുത്തി, ദമ്പതികള്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 05th February 2021 08:54 PM |
Last Updated: 05th February 2021 08:54 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയില്‍ ബന്ധുവായ ആറുവയസുകാരനെ ദമ്പതികള്‍ കൊലപ്പെടുത്തി. തങ്ങളുടെ പോത്ത് ചത്തത് ആറു വയസുകാരന്റെ കുടുംബം മന്ത്രവാദം നടത്തിയത് കൊണ്ടാണ് എന്ന് സംശയിച്ചാണ് പ്രകോപനം. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
രത്‌നഗിരി ഗ്രാമത്തിലാണ് സംഭവം. രോഹിദാസും ഭാര്യ ദേവിയബായുമാണ് അറസ്റ്റിലായത്. ആറു വയസുകാരന്റെ ബന്ധുക്കളാണ് ഇവര്‍. ബുധനാഴ്ച രാവിലെ കാണാതായ കുട്ടിയെ തേടിയുള്ള തെരച്ചിലിന് ഒടുവിലാണ് സംഭവം പുറത്തായത്.
കൂട്ടുകാര്‍ക്ക് ഒപ്പം ഗ്രാമത്തിന് വെളിയില്‍ സ്‌കൂളിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സ്‌കൂളിന് സമീപം വീണുകിടക്കുന്നതായി കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ക്ക് പങ്കുള്ളതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ദമ്പതികള്‍ കുറ്റസമ്മതം നടത്തിയത്.
അടുത്തിടെ പോത്ത് ചത്തതിന് പിന്നില്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആണ് എന്ന് രോഹിദാസും ഭാര്യയും സംശയിച്ചിരുന്നു. ബന്ധുക്കള്‍ മന്ത്രവാദം നടത്തിയത് കൊണ്ടാണ് പോത്ത് ചത്തതെന്നാണ് ദമ്പതികള്‍ സംശയിച്ചതെന്ന് പൊലീസ് പറയുന്നു.