ഇന്ത്യ ഒരിഞ്ച് വിട്ടുവീഴ്ച ചെയ്തിട്ടില്ല;  പാങ്കോങില്‍ സേന പിന്മാറ്റം തുടങ്ങിയെന്ന് രാജ്‌നാഥ് സിങ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2021 11:18 AM  |  

Last Updated: 11th February 2021 11:22 AM  |   A+A-   |  

rajnath_sing

രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ സംസാരിക്കുന്നു

 

ന്യൂഡല്‍ഹി:  രാജ്യത്തിന്റെ ഒരിഞ്ച് സ്ഥലം പോലും എടുക്കാന്‍ ചൈനയെ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാങ്കോങ് മേഖലയില്‍ ഇന്ത്യ-ചൈന സേനകള്‍ പിന്മാറ്റം സംബന്ധിച്ച് ധാരണയില്‍ എത്തിയതായി രാജ്നാഥ് സിങ് പറഞ്ഞു ഏപ്രിലിനു ശേഷമുള്ള നിര്‍മാണങ്ങള്‍ ഇരുരാജ്യങ്ങളും നീക്കുമെന്നും മന്ത്രി അറിയിച്ചു. 

ചൈനയുടെ അന്യായമായ അവകാശവാദങ്ങള്‍ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഇരുപക്ഷത്തുനിന്നുമുള്ള ശ്രമങ്ങളിലൂടെ മാത്രമേ ഉഭയകക്ഷി ബന്ധം നിലനിര്‍ത്താനാകൂ എന്നും സിങ്് പറഞ്ഞു. 'ചൈനയുമായി നടത്തിയ ചര്‍ച്ചയില്‍ പാംഗോങ് തടാകത്തിന്റെ തെക്ക് വടക്ക് മേഖലകളില്‍ നിന്ന് സേനകള്‍ പിന്മാറാനുള്ള ധാരണയായി. ഈ ധാരണ പ്രകാരം ഘട്ടംഘട്ടമായി സൈന്യത്തെ പിന്‍വലിക്കും.' അദ്ദേഹം പറഞ്ഞു. 

9തവണ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇരുരാജ്യങ്ങലും സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായത്. നിലവിലുള്ള നിയന്ത്രണരേഖയെ ഇരുരാജ്യങ്ങളും അംഗീകരിക്കും. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും പുതിയ നിര്‍മ്മാണങ്ങള്‍ ആരംഭിക്കില്ല. ലഡാക്കിലും ചൈന ഏകപക്ഷീയമായാണ് നീങ്ങിയത്. നമ്മുടെ പരമാധികാരം നിലനിര്‍ത്തുന്നുവെന്ന് ഇന്ത്യ ഉറപ്പുവരുത്തുകയും അത് തുടരുകയും ചെയ്യും. നമ്മുടെ ധാരണകള്‍ക്ക് വിപരീതമായി ചൈന നിയന്ത്രണ രേഖയിലേക്ക് വലിയ തോതില്‍ സേനയെ അയച്ചു. ചൈനയെ പ്രതിരോധിച്ച് നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയും സൈനികബലം ശക്മാക്കിയെന്നും രാജ്‌നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ ചില പ്രശ്‌നങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ നടപടി സമാധാനം തകര്‍ക്കുന്നുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ചൈന വലിയ തോതില്‍ സൈനികനീക്കം നടത്തി. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു.