കോവിഡ് വാക്‌സിന്‍ നല്‍കാനെന്ന വ്യാജേന 'ആരോഗ്യ പ്രവര്‍ത്തകന്‍' വീട്ടിലെത്തി; 55 കാരിയെ ബോധരഹിതയാക്കി കൊള്ളയടിക്കാന്‍ ശ്രമം 

പരിശോധനയ്ക്കായി സാംപിൾ എടുക്കുന്നതിനിടയിലാണ് സ്ത്രീ ബോധരഹിതയായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിജയവാഡ: കോവിഡ് വാക്‌സിന്‍ നല്‍കാനെന്ന വ്യാജേന സ്ത്രീയെ ബോധരഹിതയാക്കി വീട് കൊള്ളയടിക്കാന്‍ ശ്രമം. 55 കാരിയായ കുസുമ എന്ന സ്ത്രീയാണ് ആരോഗ്യപ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തിയ ആളുടെ തട്ടിപ്പിനിരയായത്. അതേസമയം വീട്ടില്‍ നിന്ന് വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

കുസുമ ഒറ്റയ്ക്കായിരുന്ന സമയത്താണ് അപരിചതനായ ഒരാള്‍ വീട്ടിലെത്തിയത്. ആരോഗ്യ പ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ വീട്ടിലെ മറ്റ് അംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. അയാള്‍ കൈവശമുണ്ടായിരുന്നു ബോക്‌സ് തുറന്നതിന് ശേഷം സ്ത്രീയോട് പരിശോധനയ്ക്കായി സാംപിള്‍ എടുക്കണമെന്ന് പറഞ്ഞു. എന്നാല്‍ സാംപിള്‍ എടുക്കുന്നതിനിടയില്‍ താന്‍ ബോധരഹിതയായെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. 20മിനിറ്റിന് ശേഷമാണ് ബോധം തിരിച്ചുകിട്ടിയതെന്നും അപ്പോഴാണ് വീട്ടുകാരെ ഇക്കാര്യം വിളിച്ചറിയിച്ചതെന്നും കുസുമ പറഞ്ഞു.  

വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വിരലടയാളമൊ മറ്റ് വിവരങ്ങളൊ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. കുസുമയുടെ മരുമകള്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും വന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ലെന്നും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com